മൂന്ന് ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നാണ് വിലക്കേര്‍പ്പെടുത്തിയത്.​

സൂറിച്ച്: റഫറിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ മുന്‍ യുവന്റസ് ഗോള്‍ കീപ്പര്‍ ജിയാന്‍ല്യൂഗി ബുഫണിന് വിലക്ക്. മൂന്ന് ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നാണ് വിലക്കേര്‍പ്പെടുത്തിയത്. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെതിരേ പരാജയപ്പെട്ട ശേഷം ബുഫോണ്‍ റഫറി മൈക്കള്‍ ഒലിവറിനെതിരേ വിവാദ പരാമര്‍ശം നടത്തിയിരുന്നു.

ആദ്യപാദം റയല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന രണ്ടാംപാദത്തില്‍ യുവന്റസ് മൂന്ന് ഗോള്‍ തിരിച്ചടിച്ചു. മത്സരം അധികസമയത്തേക്ക് നീളും എന്നിരിക്കെ 97ാം മിനിറ്റില്‍ റഫറി റയലിന് അനുകൂലമായി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. പെനാല്‍റ്റി ഗോളായതോടെ യുവന്റസ് വിജയിക്കുകയും ചെയ്തു. 

ഈ സീസണൊടെ യുവന്റസ് വിട്ട താരത്തിന് ഇതോടെ പുതിയ ക്ലബ്ബിനോപ്പം അടുത്ത ചാംപ്യന്‍സ് ലീഗില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിക്കാനാവില്ല. താരം പി എസ് ജി യില്‍ ചേര്‍ന്നേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിലക്ക് വരുന്നത്.