കൊച്ചി: തായ്‌ലന്‍ഡില്‍ പ്രീസീസണ്‍ മത്സരങ്ങള്‍ക്കായി പോയ കേരള ബ്ലാസ്റ്റേഴ്‌സ് വിവാദത്തില്‍. പ്രീ സീസണിലെ ആദ്യ മത്സരമാണ് വിവാദത്തിലായത്. ഇന്നലെ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തായ്‌ലന്‍ഡ് ക്ലബിനെ തോല്‍പ്പിച്ചിരുന്നു. തായ്‌ലന്‍ഡ് ലീഗില്‍ ഫസ്റ്റ് ഡിവിഷനില്‍ കളിക്കുന്ന ബാങ്കോക്ക് എഫ്‌സിയെ തോല്‍പ്പിച്ചു എന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചത്. ബാങ്കോക്ക് എഫ്‌സിയുടെ ലോഗോയും പേജില്‍ ഉപയോഗിച്ചിരുന്നു. 

എന്നാല്‍ തങ്ങള്‍ അങ്ങനെ ഒരു മത്സരം കളിച്ചിട്ടില്ലെന്ന് ബാങ്കോക്ക് എഫ്‌സി വ്യക്തമാക്കി. കേരള ബ്ലാസ്‌റ്റേഴ്‌സ് ഫെസ്ബുക്ക് പേജിന്റെ വാളിലാണ് ബാങ്കോക്ക് എഫ്‌സി അധികൃതര്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ മത്സരത്തിന്റെ ഫലം പേജില്‍ നിന്ന് കളയുകയും ചെയ്തു. ഫലങ്ങളില്‍ തങ്ങളുടെ ലോഗോ ഉപയോഗിക്കുന്നത് തെറ്റാണെന്നും സന്ദേശത്തില്‍ ബാങ്കോക്ക് എഫ്‌സി പോസ്റ്റില്‍ പറയുന്നു. 

മത്സരം നടക്കുന്നതിന് മുമ്പ് ഇത്തരത്തില്‍ ഒരു മത്സരമുള്ള കാര്യം ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നുമില്ല. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും ആശയക്കുഴപ്പത്തിലായി. ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വിശ്വാസവഞ്ചന കാണിച്ചുവെന്നും പേജിലെ പോസ്റ്റുകള്‍ക്ക താഴെ ആരാധകര്‍ കമന്റിടുന്നുണ്ട്. എന്നാല്‍ ലോഗോ മാറിപ്പോയതായിരിക്കുമെന്നും  സംസാരമുണ്ട്. എഫ്‌സി ബാങ്കോക്ക് എന്ന ക്ലബിനോടായിരിക്കും കേരള ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. അവരുടെ ലോഗോയ്ക്ക് പകരം ബാങ്കോക്ക് എഫ്‌സിയുടെ ലോഗോ ഉപയോഗിച്ചതാവാമെന്നും പറയുന്നു. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ അധികൃതര്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.