ഗോള്‍: ഡിആര്‍എസ് വിവാദം ഇന്ത്യയില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കെ രാജ്യാന്തര ക്രിക്കറ്റില്‍ മറ്റൊരു ഡിആര്‍എസ് തീരുമാനം കൂടി വാര്‍ത്തയാകുകയാണ്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്ലീന്‍ ബൗള്‍ഡായിട്ടും റിവ്യു ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ സൗമ്യ സര്‍ക്കാരാണ് വാര്‍ത്ത സൃഷ്ടിച്ചത്.

കളിയുടെ അ‍ഞ്ചാം ദിനം 53 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്ന സൗമ്യ സര്‍ക്കാര്‍ ലങ്കന്‍ സ്പിന്നര്‍ ഗുണരത്നെയുടെ പന്തിലാണ് ബൗള്‍ഡായി പുറത്തായത്. എന്നാല്‍ അമ്പര്‍ ഔട്ട് വിളിക്കാന്‍ വൈകി. ശ്രീലങ്കന്‍ താരങ്ങള്‍ വിക്കറ്റ് വീഴ്ച ആഘോഷിച്ച് തുടങ്ങിയപ്പോഴാണ് അമ്പയറായ ഇറാസ്മസ് ഔട്ട് വിളിച്ചത്. ഇതു കണ്ട സൗമ്യ സര്‍ക്കാര്‍ അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്തു. റീപ്ലേയില്‍ സൗമ്യ സര്‍ക്കാര്‍ ബൗള്‍ഡായത് വ്യക്തമായതോടെ ക്രീസ് വിടുകയും ചെയ്തു.