ധാക്കാ: 89 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഒരു ക്രിക്കറ്റ് ടീം വെറും നാലുപന്തില്‍ അത് നേടുക. അസാധ്യം അത്ഭുതം എന്നോക്കെ പറയാവുന്ന മത്സരം നടന്നത് ബംഗ്ലാദേശിലെ ധാക്കയിലാണ്. ധാക്ക സെക്കന്റ് ഡിവിഷന്‍ ലീഗില്‍ ലാല്‍മാട്ടിയ ടീമും, അക്‌സോം ക്രിക്കറ്റേഴ്‌സും തമ്മില്‍ ഏറ്റുമുട്ടുന്നു. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ലാല്‍മാട്ടിയ 14 ഓവറില്‍ 88 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മത്സരത്തില്‍ അമ്പയര്‍മാര്‍ നിരവധി തെറ്റായ തീരുമാനങ്ങള്‍ എടുത്തതായി ലാല്‍മാട്ടിയ ടീം അംഗങ്ങള്‍ ആരോപിക്കുന്നു.
ഇതിനെക്കുറിച്ച് ലാല്‍മാട്ടിയ ടീം പറയുന്നത് ഇങ്ങനെ, തുടക്കം മുതലേ അമ്പയര്‍മാര്‍ എതിര്‍ടീമിനായി കളിക്കാന്‍ ആരംഭിച്ചു. ടോസ് ചെയ്തപ്പോള്‍ കോയിന്‍ കാണിച്ച് തരാന്‍ പോലും അമ്പയര്‍മാര്‍ തയ്യാറായില്ല. പിന്നീട് ബാറ്റിംഗിനിറങ്ങിയ ഞങ്ങള്‍ക്കെതിരായിരുന്നു അമ്പയര്‍മാര്‍ പകപോക്കും പോലെ തീരുമാനങ്ങള്‍ എടുത്തത്, ഇതാണ് കുറഞ്ഞ സ്‌കോറിന് ഞങ്ങള്‍ പുറത്താകാന്‍ കാരണം.

അമ്പയറുടെ തീരുമാനത്തോടുളള പ്രതിഷേധമാണ് ലാല്‍മാട്ടിയ ടീമിനായി സുജന്‍ മുഹമ്മദ് പിന്നീട് എതിരാളികള്‍ക്ക് നാലുബോളില്‍ വിജയം നേടാന്‍ സഹായിച്ചത്. വൈഡും, നോബോളും വിളിച്ച് അമ്പയര്‍മാര്‍ തളരട്ടെ എന്നായിരുന്നു ഇയാളുടെ വാശി. സുജന്‍ മുഹമ്മദ് ആദ്യ ഒവറിലെ നാല് പന്തിനുളളില്‍ 65 വൈഡും 15 നോ ബോളും എറിഞ്ഞു. ഇതോടെ ലാല്‍മാട്ടിയ ക്രിക്കറ്റ് ടീം 10 വിക്കറ്റിന് അക്‌സോം ക്രിക്കറ്റേഴ്‌സിന് മുന്നില്‍ തലകുനിക്കുകയായിരുന്നു.
അതേസമയം ഈ മത്സരത്തെക്കുറിച്ച് ഔദ്യോഗികമായി ലീഗ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. നേരത്തെയും നിരവധി വിവാദങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ച ലീഗാണ് ധാക്കാ പ്രീമിയര്‍ ലീഗ്. കളിയുടെ സ്കോര്‍ബോര്‍ഡ് ഒരു ബംഗ്ലാദേശി പത്രം പ്രസിദ്ധീകരിച്ചു.
