ധാക്ക: ആദ്യ ടെസ്റ്റില്‍ കൈയകലത്തില്‍ നഷ്ടമായ ചരിത്രവിജയം രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 108 റണ്‍സിന്റെ ആധികാരിക ജയവുമായി ബംഗ്ലാ കടുവകള്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പര സമനിലയാക്കി. ആദ്യ ടെസ്റ്റിലെ 22 റണ്‍സ് തോല്‍വിക്ക് മധുരപ്രതികാരം തീര്‍ത്താണ് ബംഗ്ലാദേശ് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. സ്കോര്‍ ബംഗ്ലാദേശ് 220, 296, ഇംഗ്ലണ്ട് 244, 164. 2000ല്‍ ടെസ്റ്റ് പദവി ലഭിച്ച ബംഗ്ലാദേശിന്റെ എട്ടാം ജയമാണിത്.
273 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒരു സെഷനില്‍ തന്നെ 164 റണ്‍സെടുത്ത് പുറത്തായി. ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സെടുത്തശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ നാടകീയ തകര്‍ച്ച. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്(59), ഡക്കറ്റ്(56) എന്നിവര്‍ ചേര്‍ന്ന് മികച്ച അടിത്തറയൊരുക്കിയെങ്കിലും ആറു വിക്കറ്റ് വീഴ്‌ത്തിയ ഓഫ് സ്പിന്നര്‍ മെഹ്‌ദി ഹസന്റെയും നാലു വിക്കറ്റെടുത്ത ഷക്കീബ് അല്‍ ഹസന്റെയും സ്പിന്‍ ആക്രമണത്തിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. 25 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സ് മാത്രമാണ് ഓപ്പണര്‍മാര്‍ക്കൊഴികെ ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കാണാനായുള്ളു.
നേരത്തെ 152/3 എന്ന സ്കോറില്‍ രണ്ടാം ഇന്നിംഗസ് തുടങ്ങിയ ബംഗ്ലാദേശ് ഇമ്രുന്‍ കെയ്സ്(78), മഹമ്മദുള്ള(47), ഷക്കീബ് അല്‍ ഹസന്‍(41), ഷുവാഗാത(25*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 296 റണ്‍സിലെത്തിയത്. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാലും സ്റ്റോക്സ് മൂന്നും വിക്കറ്റ് വീഴ്‌ത്തി. ബംഗ്ലാദേശിന്റെ കൗമാര താരം മെഹ്ദി ഹസനാണ് കളിയിലെയും പരമ്പരയുടെും താരം.
