ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ഞെട്ടിക്കുന്ന തന്ത്രവുമായി ബംഗ്ലാദേശ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ഒരു 'സര്‍പ്രൈസ് മൂവാ'ണ് നടത്തിയത്. ബാറ്റിങ് ഓര്‍ഡറില്‍ വാലറ്റക്കാരനായ മെഹ്ദി ഹസനെ ഓപ്പണറായി ഇറക്കി.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ഞെട്ടിക്കുന്ന തന്ത്രവുമായി ബംഗ്ലാദേശ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ഒരു 'സര്‍പ്രൈസ് മൂവാ'ണ് നടത്തിയത്. ബാറ്റിങ് ഓര്‍ഡറില്‍ വാലറ്റക്കാരനായ മെഹ്ദി ഹസനെ ഓപ്പണറായി ഇറക്കി. 20 കാരനായ മെഹ്ദി ഓള്‍റൗണ്ടറാണ്. ലിറ്റണ്‍ ദാസിനൊപ്പമാണ് വലങ്കയ്യന്‍ സ്പിന്നര്‍ കൂടിയായ മെഹ്ദി ഓപ്പണറുടെ റോളിലെത്തിയത്. ഇതുവരെ വിജയകരമാണ് ബംഗ്ലാദേശിന്റെ നീക്കം. 10 ഓവര്‍ അവസാനിക്കുമ്പോള്‍ 29 പന്ത് നേരിട്ട താരത്തിന് 16 റണ്‍സെടുക്കാന്‍ സാധിച്ചിട്ടുണ്ട്. 

ചില്ലറക്കാരനല്ല മെഹ്ദി ഹസന്‍. ബംഗ്ലാദേശിനായി 16 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള മെഹ്ദി 169 റണ്‍സെടുത്തിട്ടുണ്ട്. ഒരു അര്‍ധ സെഞ്ചുറിയും (51) പേരിലുണ്ട്. ഒരു വാലറ്റക്കാരനെ സംബന്ധിച്ചിടത്തോളം ഈ സ്‌കോര്‍ ധാരാളമാണ്. 14 ടെസ്റ്റുകള്‍ കകളിച്ചിട്ടുള്ള മെഹ്ദി ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 362 റണ്‍ നേടിയിട്ടുണ്ട്. 

നേരത്തെ ബംഗ്ലാദേശിന്റെ ഓപ്പണര്‍മാര്‍ ഏഷ്യാ കപ്പില്‍ റണ്‍ കണ്ടെത്താന്‍ വിഷമിച്ചിരുന്നു. സ്ഥിരം ഓപ്പണറായ തമീം ഇഖ്ബാലിന് പരിക്ക് കാരണം ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല. അതോടെ ലിറ്റണ്‍ ദാസിനൊപ്പം നസ്മുള്‍ ഹൊസൈനെ ഓപ്പണറാക്കി ഇറക്കി. എന്നാല്‍ ഇരുവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. തുടര്‍ച്ചായായി പരാജയപ്പെട്ടു. 

അഫ്ഗാനെതിരേ സൂപ്പര്‍ ഫോറില്‍ 41 റണ്‍സെടുത്തോടെ ലിറ്റണ്‍ ഫോമിലേക്ക് മടങ്ങിയെത്തി. അതോടെ നസ്മുളിന് പകരം സൗമ്യ സര്‍ക്കാരിനെ ടീമിലേക്ക് മടക്കി വിളിച്ചു. പാക്കിസ്ഥാനെതിരേ സൂപ്പര്‍ ഫോറിലെ അവസാന മത്സത്തില്‍ സൗമ്യ സര്‍ക്കാര്‍ കളിച്ചെങ്കിലും റണ്‍സൊന്നുമെടുക്കാതെ പുറത്തായി. തുര്‍ന്നാണ് മറ്റൊരു ഓപ്പണറെ തേടാന്‍ ബംഗ്ലാദേശ് ഒരുങ്ങിയത്. അങ്ങനെ മെഹ്ദി ഹസനെ ഓപ്പണറാക്കാന്‍ തീരുമാനിക്കുകയായിരുന്നു.