ധാക്ക: സ്പിന്‍ കരുത്തില്‍ ഓസ്‌ട്രേലിയ അട്ടിമറിച്ച് ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. 20 റണ്‍സിനാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ തോല്‍പിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസനും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ താജുല്‍ ഇസ്ലാമും രണ്ട് വിക്കറ്റെടുത്ത മെഹ്ദി ഹസനുമാണ് ഓസ്‌ട്രേലിയയെ കറക്കി വീഴ്ത്തിയത്. 
രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശ് പടുത്തിയര്‍ത്തിയ 265 റണ്‍സ് ലക്ഷ്യമാക്കി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 244 റണ്‍സിന് പുറത്തായി. 135 പന്തില്‍ 112 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ പിടിച്ചുനിന്നത്. നായകന്‍ സ്റ്റീവന്‍ സ്മിത്ത് 37 റണ്‍സും പാത്ത് കമ്മിന്‍സണ്‍ 33 റണ്‍സുമെടുത്തു. ജയത്തോടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി. 
ഒന്നാം ഇന്നിങ്‌സില്‍ നേടിയ 43 റണ്‍സിന്‍റെ ലീഡാണ് ബംഗ്ലാദേശ് നേടിയത്. എന്നാല്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ വിജയലക്ഷ്യം പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയക്കായില്ല. രണ്ടിന്നിംഗ്സുകളിലുമായി 10 വിക്കറ്റ് നേടിയ ഷാക്കിബ് ആല്‍ ഹസനാണ് കളിയിലെ താരം. ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയും അഞ്ചുവിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറായും ഷക്കീബ് മാറി.