ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിനെതിരെ ഭാര്യയുടെ പരാതി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഏഷ്യാകപ്പിനുള്ള ബംഗ്ലാദേശ് ടീമില്‍ അംഗമാണ് താരം. 

ധാക്ക: സ്‌ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിനെതിരെ ഭാര്യയുടെ പരാതി. യുവ മധ്യനിര ബാറ്റ്സ്മാനായ മൊസദേക്ക് ഹൊസൈനെതിരെയാണ് ഭാര്യ ഷാര്‍മിന്‍ സമീറ ഉഷ പരാതി നല്‍കിയത്. ബന്ധുകൂടിയായ ഷാര്‍മിനെ ആറ് വര്‍ഷം മുന്‍പാണ് മൊസദേക്ക് വിവാഹം ചെയ്തത്. വരാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ബംഗ്ലാദേശ് ടീമില്‍ അംഗമാണ് മൊസദേക്ക്. 

പരാതിയില്‍ അന്വേഷണത്തിന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റോസിനാ ഖാന്‍ നിര്‍ദേശം നല്‍കി. ഷാര്‍മിനെ നാളുകളായി പീഡിപ്പിക്കുന്നതായും വീട്ടില്‍ നിന്ന് പുറത്താക്കിയതായും അഭിഭാഷകന്‍ റസൂല്‍ കരീം ആരോപിച്ചു. എന്നാല്‍ പരാതിയില്‍ ഇതുവരെ പ്രതികരിക്കാന്‍ മൊസദേക്ക് തയ്യാറായിട്ടില്ല.

എന്നാല്‍ ഓഗസ്റ്റ് 15ന് വിവാഹമോചന നോട്ടീസ് നല്‍കിയെന്നും ഷാര്‍മിന്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നതായും മൊസദേക്കിന്‍റെ സഹോദരന്‍ പ്രതികരിച്ചു. ഷാര്‍മിന്‍ തെറ്റായ പ്രചരണങ്ങളാണ് നടത്തുന്നതെന്നും അദേഹം പറഞ്ഞു.