വിയ്യ റയല്‍ അത്‌ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ചു

ബാഴ്‌സലോണ: ലാ ലിഗയില്‍ അനായാസ ജയത്തോടെ ബാഴ്‌സലോണ കിരീടത്തോട് അടുക്കുന്നു. അത്‌ലറ്റികോ ബില്‍ബാവോയെ 2-0ന് ബാഴ്‌സ മറികടന്നു. മറ്റു മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് ജിറോണയെ തകര്‍ത്തപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡിനെ വിയ്യറയല്‍ അട്ടിമറിച്ചു. 

എതിരില്ലാതെ ബാഴ്‌സലോണ 
ക്യാംപ് നൗവില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സ അത്‌ലറ്റികോ ബില്‍ബാവോയെ മറികടന്നു. ലിയോണല്‍ മെസിയും പാല്‍കോ അല്‍കാസെറുമാണ് ഗോളുകള്‍ നേടിയത്. ഇതോടെ ബാഴ്‌സയ്ക്ക് ലീഗില്‍ 75 പോയന്റായി. 

അത്‌ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ച് വിയ്യാറയല്‍
ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിനെ വിയ്യാറയല്‍ 2-1 ന് അട്ടിമറിച്ചു. ഉനാലിന്റെ ഇരട്ട ഗോള്‍ മികവിലാണ് വിയ്യയുടെ വിജയം. അന്റോണിയോ ഗ്രീസ്മാനാണ് അത്‌ലറ്റികോയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇതോടെ ബാഴ്‌സയുമായുള്ള ദൂരം 11 പോയിന്റായി. അധികസമയത്ത് അത്‌ലറ്റികോയുടെ വിറ്റോളോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 

നാലടിച്ച് ക്രിസ്റ്റിയനോ; റയലിന് വമ്പന്‍ ജയം
ക്രിസ്റ്റിയാനോ നാല് ഗോള്‍ നേടിയ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ജിറോണയെ തകര്‍ത്തു. മൂന്നിനെതിരേ ആറ് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. ക്രിസ്റ്റാനോ നാല് ഗോളുകള്‍ നേടി. മറ്റ് ഗോളുകള്‍ നേടിയത് ലുകാസ് വാക്വസും ഗാരെത് ബെയ്‌ലുമാണ്. ജയത്തോടെ പോയിന്റ് പട്ടികയില്‍ റയല്‍ വലന്‍സിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി. റയലിന് 60 പോയിന്റും വലന്‍സിയക്ക് 59 പോയിന്റുമാണുള്ളത്.