ബാഴ്സലോണ:‍സ്പാനിഷ് ലീഗിൽ ബാഴ്സലോണ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് റയോ വല്ലക്കാനോയെ തോൽപ്പിച്ചു. പതിനൊന്നാം മിനിറ്റിൽ ലൂയിസ് സുവാരസിന്‍റെ ഗോളിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. മുപ്പത്തഞ്ചാം മിനിറ്റിൽ ജോസ് ആൻജലിലൂടെ റയോ വല്ലക്കാനോ സമനില ഗോൾ നേടിയതോടെ മത്സരം ആവേശകരമായി.

അൻപത്തിയേഴാം മിനിറ്റിൽ ഗാർസിയുടെ തകർപ്പൻ ഹെഡറിലൂടെ ലീഡുയർത്തി റയോ ‍ബാഴ്സയെ വിറപ്പിച്ചു. മത്സരം കൈവിട്ടെന്ന് തോന്നിച്ചെങ്കിലും 87ാം മിനിറ്റിൽ ഉസ്മാന്‍ ഡെബെലെയിലൂടെ ബാഴ്സ സമനിലഗോൾ നേടി. അവസാന വിസിലിനു തൊട്ടുമുമ്പ് ഇരട്ടഗോൾ തികച്ച ലൂയിസ് സുവാരസ് ബാഴ്സയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.