ബാഴ്സലോണ: ബാഴ്‌സലോണയ്‌ക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് യോഹാന്‍ ക്രൈഫ്. കളിക്കാരനായും പരിശീലകനായും ബാഴ്‌സയുടെ തലവര മാറ്റിയ ഇതിഹാസം. അതുകൊണ്ടുതന്നെ ഇതിഹാസതാരത്തിനോടുള്ള ആദരസൂചകമായി ബാഴ്‌സ തങ്ങളുടെ പരിശീലന ഗ്രൗണ്ടിന് ക്രൈഫിന്റെ പേര് നല്‍കുകയാണ്.ക്ലബിന്റെ പരിശീലന ഗ്രൗണ്ട് ഇനിമുതല്‍ എസ്റ്റേഡിയോ യോഹാന്‍ ക്രൈഫ് എന്നായിരിക്കും അറിയപ്പെടുക.

പ്രധാനവേദിയായ നൂംപാകില്‍ ക്രൈഫിന്റെ പ്രതിമ സ്ഥാപിക്കും. ഇതോടൊപ്പം, ബാഴ്‌സ മ്യൂസിയത്തില്‍ ക്രൈഫിനായി പ്രത്യേക ഇടവും ഒരുക്കും. ഇവിടെ ക്രൈഫിന്റെ അപൂര്‍വ ചിത്രങ്ങളും ജേഴ്‌സിയും ബൂട്ടുമെല്ലാം പ്രദര്‍ശിപ്പിക്കും. ക്രൈഫിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലായിരുന്നു ബാഴ്‌സയുടെ പ്രഖ്യാപനം. 1973 മുതല്‍ 78 വരെ ബാഴ്‌സയുടെ താരമായിരുന്ന ക്രൈഫ് 1988 മുതല്‍ 96 വരെ ബാഴ്‌സയുടെ പരിശീലകനുമായിരുന്നു.

ടോട്ടല്‍ ഫുട്ബോളിന്റെ ആചാര്യനായ ക്രൈഫ് തന്നെയാണ് ബാഴ്‌സയുടെ ടിക്കിടാക്ക ശൈലിയുടെ ഉപജ്ഞാതാവും. ഈ ശൈലിയാണ് ബാഴ്‌സയെ ലോകത്തെ ഏറ്റവും ശക്തമായ ടീമാക്കി മാറ്റിയത്.