ബാഴ്സിലോണ: ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ന്യൂ കാമ്പ് സ്റ്റേഡിയത്തില്‍ കാണികളില്ലാതെ ലാലിഗ മല്‍സരം. 90,000ത്തിലധികം കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ ഞായറാഴ്ച്ചയായിരുന്നു ബാഴ്സലോണ- ലാസ് പാമാസ് മല്‍സരം. ലയണല്‍ മെസിയുടെ മികവില്‍ കാറ്റലോമിയന്‍ ക്ലബായ ബാഴ്സലോണ 3-0ന് മല്‍സരം വിജയിച്ചു. മെസി രണ്ടും സെര്‍ജിയോ ബുസ്‌ക്യൂറ്റ് ഒരു ഗോളും നേടി. കാറ്റലോണിയന്‍ ഹിതപരിശോധന അക്രമാസക്തമായതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി കാണികളെ പൊലിസ് സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചില്ല.

ജയത്തോടെ ലാലിഗയില്‍ ബാഴ്സലോണ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ ലാസ് പാമാസ് 17-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഞായറാഴ്ച്ച നടന്ന സംഘര്‍ഷത്തില്‍ 465 പേര്‍ക്ക് പരിക്കേറ്റിരുന്നു. മല്‍സരം നടക്കാതിരുന്നാല്‍ പോയിന്‍റ് നഷ്ടപ്പെടുന്നതിനാലാണ് ബാഴ്സലോണ കളിക്കാന്‍ തീരുമാനിച്ചത്. മല്‍സരത്തിന് മുമ്പ് കാറ്റലോണിയന്‍ ജഴ്സിയണിഞ്ഞ് ബാഴ്സലോണ താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ഈ സീസണിലെ എല്ലാ ഹോം മല്‍സരങ്ങളും ജയിച്ച ടീമാണ് ബാഴ്സിലോണ.