ബാഴ്‌സലോണ: യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ വി‍ജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ. ഒളിംപിയാകോസിനെയാണ് ബാഴ്സ തോൽപ്പിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി, ബയേണ്‍, യുവന്‍റസ് ടീമുകളും ജയം നേടി. എന്നാൽ ചെൽസി റോമയോട് സമനില വഴങ്ങി.

അവസാന പതിനാറിലേക്ക് ഒരുപടികൂടി അടുത്ത് ബാഴ്സലോണ. യൂറോപ്യൻ മത്സരങ്ങളിൽ നൂറാം ഗോൾ കണ്ടെത്തിയ ലിയോണൽ മെസ്സിയുടെ മികവിൽ ഒളിംപിയാകോസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ തോൽപ്പിച്ചത്.

ആദ്യ പകുതിയിൽ സെൽഫ് ഗോളിന്റെ ആനുകൂല്യത്തിൽ മുന്നിലെത്തിയ ബാഴ്സ രണ്ടാം പകുതിയിൽ മെസ്സിയുടെയും ഡിഗ്നെയുടെയും ഗോളിലൂടെ ജയം ആധികാരികമാക്കി.

നെയ്മര്‍, കവാനി,എംബപ്പെ ത്രയം ഗോൾ കണ്ടെത്തിയ മത്സരത്തിൽ ആന്റര്‍ലെക്ടിനെ എതിരില്ലാത്ത നാല് ഗോളിനാണ് പിഎസ്ജി തകര്‍ത്തുവിട്ടത്.