ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുന്ന നാലാമത്തെ മലയാളി താരമാണ് ബേസിൽ തമ്പി. ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് ബേസിൽ തമ്പി തെരഞ്ഞെടുക്കപ്പെട്ടത്. ഏതൊരു ക്രിക്കറ്റ് താരത്തെയുംപോലെ സ്വപ്നസമാനമായ ലക്ഷ്യം നേടിയതിന്റെ ആവേശത്തിലാണ് ബേസിൽ. ഈ ഘട്ടത്തിലാണ് ഏറെക്കാലമായി മനസിലുണ്ടായിരുന്ന മറ്റൊരു ആഗ്രഹം ബേസിൽ തമ്പി തുറന്നു പറയുന്നത്. എം എസ് ധോണി വിക്കറ്റ് കാക്കുമ്പോൾ ബൌൾ ചെയ്യണമെന്നതായിരുന്നു ബേസിലിന്റെ വലിയ സ്വപ്നങ്ങളിലൊന്ന്. ശ്രീലങ്കയ്ക്കെതിരെ കളിക്കാൻ അവസരം കിട്ടിയാൽ ഏറ്റവുംമികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാകുമെന്നാണ് ആശിക്കുന്നതെന്നും ബേസിൽ പറയുന്നു. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഏറെ സന്തോഷകരവും അഭിമാനകരവുമാണെന്ന് ബേസിൽ പറയുന്നു. ടീമിലേക്ക് സെലക്ഷൻ ലഭിച്ച കാര്യം കെസിഎ സെക്രട്ടറി ജയേഷ് ജോർജാണ് ആദ്യം അറിയിച്ചത്. അപ്പോൾ രഞ്ജി ട്രോഫി ക്വാർട്ടർ കളിക്കാൻവേണ്ടി സൂററ്റിലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി നന്നായി കളിക്കാൻ സാധിച്ചിട്ടുണ്ട്. ഏറെ ആത്മവിശ്വാസമുള്ള ബൌളറാണ് താനെന്നും ബേസിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ സയിദ് മുഷ്താഖ് അലി ടൂർണമെന്റിലെ മികച്ച പ്രകടനമാണ് ബേസിൽ തമ്പിയുടെ കരിയറിൽ വഴിത്തിരിവായത്. തുടർന്ന് ഐപിഎൽ ടീമായ ഗുജറാത്ത് ലയൺസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.