മുംബൈ: അണ്ടര്‍-‍19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് സമ്മാനപ്പെരുമഴയെന്ന് സൂചിപ്പിച്ച് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ ഖന്ന. താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്നും അഭിനന്ദന ചടങ്ങ് സംഘടിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. സെമിയില്‍ ചിരവൈരികളായ പാകിസ്ഥാനെ 203 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. 

ഇന്ത്യയുയര്‍ത്തിയ 272 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 29.3 ഓവറില്‍ 69 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 'ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ഇടപെടലാണ് മികച്ച ക്രിക്കറ്റര്‍മാരെ വളര്‍ത്തുന്നതില്‍ നിര്‍ണായകം. ദ്രാവിഡിന്‍റെ ശിക്ഷണത്തില്‍ അണ്ടര്‍-‍19 ടീം മികച്ച പ്രകടനമാണ് അടുത്തിടെ നടത്തുന്നതെന്നും' ഖന്ന പറഞ്ഞു. ഫെബ്രുവരി 3ന് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ നേരിടും‍.