മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലെഗ് സ്‌പിന്നര്‍ അമിത് മിശ്ര, ഓഫ് സ്‌പിന്നറും ജമ്മു കശ്‌മീര്‍ താരവുമായ പര്‍വേസ് റസൂല്‍ എന്നിവര്‍ ടീമിലെത്തി. അതേസമയം ഇന്ത്യയുടെ മുന്‍നിര സ്‌പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്‌ക്കും സെലക്‌‌ടര്‍മാര്‍ വിശ്രമം അനുവദിച്ചു. 2014ല്‍ ഏകദിനത്തില്‍ അരങ്ങേറിയ പര്‍വേസ് റസൂല്‍ ആദ്യമായാണ് ഇന്ത്യന്‍ ടി20 ടീമിലെത്തുന്നത്. അരങ്ങേറ്റ മല്‍സരത്തില്‍ റസൂല്‍ ബംഗ്ലാദേശിനെതിരെ രണ്ടു വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ സന്നാഹമല്‍സരത്തില്‍ ഇന്ത്യ എയ്‌ക്ക് വേണ്ടി മൂന്നു വിക്കറ്റെടുത്ത പ്രകടനമാണ് റസൂലിനെ ഇപ്പോള്‍ ടീമിലെത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് അമിത് മിശ്രയ്‌ക്ക് തുണയായത്. യുവതാരവും ലെഗ് സ്‌പിന്നറുമായ യസ്‌വേന്ദ്ര ചഹലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്നു മല്‍സരങ്ങളാണുള്ളത്. അതില്‍ ആദ്യത്തെ മല്‍സരം റിപ്പബ്ലിക് ദിനത്തില്‍ നടക്കും. കാണ്‍പുരിലാണ് മല്‍സരം.