ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ നടത്തിപ്പും മേൽനോട്ടവും ഉടച്ചുവാർക്കാനൊരുങ്ങി ബിസിസിഐ. അനിൽ കുംബ്ലെയെ ടീം ഡയറാക്ടറാക്കി നിയമിച്ച് കേന്ദ്രീകൃത പരിശീലക സംഘത്തെ നിയമിക്കാനാണ് സുപ്രീം കോടതി നിയമിച്ച സമിതിയുടെ നീക്കം. ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ നടത്തിപ്പും മേൽനോട്ടവും ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്‍റെ മാതൃകയിൽ മാറ്റുവാനാണ് സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ സമിതിയുടെ ആലോചന. 

ഓസ്ട്രേലിയയുമായുള്ള പരമ്പരയ്ക്ക് ശേഷം പുതിയ സംവിധാനം നിലവിൽ വരും. ആദ്യപടിയായി ഏപ്രിൽ രണ്ടാംവാരം അനിൽ കുംബ്ലെയെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് മാറ്റി ടീം ഡയറ്കടറായി നിയമിക്കും. ഇതോടെ ഇന്ത്യയുടെ സീനിയർ, എ , ജൂനിയർ, വനിതാ ടീമുകൾ കുംബ്ലെയുടെ മേൽനോട്ടത്തിലാവും. ഒരു വ്യക്തിയെ എല്ലാടീമുകളുടെയും ചുമതല ഏൽപിച്ചാൽ കൃത്യമായ ഏകോപനം നടക്കുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ.

ഇതേക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ബെംഗളൂരു ടെസ്റ്റിന് ശേഷം ബിസിസിഐ കുംബ്ലെയോട് ആവശ്യപ്പെട്ടിരുന്നു. കുംബ്ലെ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ബിസിസിഐയുടെ തുട‍ർനടപടികൾ. സീനിയർ ടീമിന്‍റെ ചുമതല രാഹുൽ ദ്രാവിഡിന് നൽകാനാണ് ധാരണ. 
സച്ചിൻ ടെൻഡുൽക്കർ, വിവിഎസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരുൾപ്പെട്ട ക്രിക്കറ്റ് ഉപദേശക സമിതിയ നിലനിർത്താൻ ഭരണസിമിതിക്ക് താൽപര്യമില്ല. പകരം ഇവരിൽ ഒരാൾക്ക് ബോർഡിന്‍റെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ചുമതലകൾ നൽകും. നിലവിൽ എം വി ശ്രീധറാണ് ഈ ചുമതല വഹിക്കുന്നത്.