ദില്ലി: ബി സി സി ഐ മുന്‍ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസനും സെക്രട്ടറി നിരഞ്ജന്‍ ഷാക്കുമെതിരെ പരാതിയുമായി ബി സി സി ഐ ഇടക്കാല ഭരണസമിതി സുപ്രീംകോടതിയെ സമീപിച്ചു. ഇരുവരും ചേര്‍ന്ന് അസോസിയേഷന്‍ മീറ്റിംഗുകള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഇടക്കാല ഭരണസമിതി കുറ്റപ്പെടുത്തി. അയോഗ്യരാക്കപ്പെട്ട ശ്രീനിവാസനും നിരഞ്ജന്‍ഷായും എങ്ങനെയാണ് ബി സി സി ഐ ഭരണസമിതിയില്‍ പങ്കെടുത്തതെന്ന് ചോദിച്ച കോടതി ഇരുവര്‍ക്കും നോട്ടീസ് അയച്ചു. ഇടക്കാല ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന വിക്രം ലിമായെയുടെയും രാമചന്ദ്ര ഗുഹയുടെയും ആവശ്യം കോടതി അംഗീകരിച്ചു. ഇരുവര്‍ക്കും പകരമുള്ള അംഗങ്ങളെ ഉടന്‍ നിയമിക്കുമെന്നും കോടതി അറിയിച്ചു. നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ടുള്ള സത്യവാങ്മൂലം അംഗീകരിച്ച് മുന്‍ ബി സി സി.ഐ അദ്ധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെതിരെയുള്ള കോടതി അലക്ഷ്യ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു.