മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒളിംപിക്സില്‍ മെഡല്‍ നേടുമോ. ഒരു നൂറ്റാണ്ടിനിപ്പുറം ക്രിക്കറ്റിനെ വീണ്ടും ഒളിംപിക്സ് വേദിയിലെത്തിക്കാനുള്ള ഐസിസിയുടെ ശ്രമങ്ങള്‍ നല്കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. എന്നാല്‍ ക്രിക്കറ്റിന് ഒളിംപിക്സ് പദവി നേടിയെടുക്കാന്‍ ഐസിസിക്കു മുന്നിലുള്ളത് വലിയ വെല്ലുവിളി. ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിശ്വാസത്തിലെടുത്താല്‍ മാത്രമേ ഐസിസിക്ക് മുന്നോട്ട് ചുവടുവെക്കാനാകൂ. ഒളിംപിക്സില്‍ മല്‍സരിച്ചാല്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ കീഴിലാവുമെന്ന ഭയമാണ് ബിസിസിഐയെ പിന്‍വലിക്കുന്നത്.

2024ലെ പാരിസ് ഒളിംപിക്സില്‍ ക്രിക്കറ്റിനെ ടി20 മല്‍സരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഐസിസി. 1900ല്‍ നടന്ന പാരിസ് ഒളിംപിക്സിലാണ് അവസാനമായി ക്രിക്കറ്റ് മല്‍സരയിനമായത്. വീണ്ടും പാരിസില്‍ തന്നെ ഒളിംപിക്സില്‍ ക്രിക്കറ്റ് കൊണ്ടുവരാനായാല്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്കും അത് നേട്ടമാകും. ഇന്ത്യക്ക് മെഡല്‍ സാധ്യതയുള്ള ക്രിക്കറ്റിനെ പങ്കെടുപ്പിക്കുന്നതില്‍ ബിസിസിഐ മടികാണിക്കുന്നത് ഐസിസിയെ ചൊടുപ്പിച്ചിട്ടുണ്ട്. സാമ്പത്തികലാഭം ഇല്ലാത്തതിനാലാണ് ബിസിസിഐ ഒളിംപിക്സിനോട് വിമുഖത കാണിക്കുന്നത്.

ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അംഗങ്ങളോട് ചര്‍ച്ച ചെയ്ത് തീരുമാനമറിയിക്കുമെന്ന് ബിസിസിഐ സിഇഒ പറഞ്ഞു. എന്നാല്‍ ഒളിംപിക്സിനേക്കാള്‍ സാമ്പത്തിക നേട്ടം മറ്റ് പരമ്പരകളിലൂടെ ലഭിക്കുമെന്നതും ബിസിസിഐയെ പിന്നോട്ടടിക്കുന്നതിനു പിന്നിലുണ്ട്. വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിനോട് അനുകൂല സമീപനമാണ് ബിസിസിഐയ്ക്കുള്ളത്.