മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ബിസിസിഐ നീട്ടി. അപേക്ഷിക്കാവുന്ന അവസാന തീയതി ജൂലൈ 9 വരെയാക്കി. നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും ബിസിസിഐയുടെ അറിയിപ്പില്‍ പറയുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് ശേഷം ഒരാഴ്‌ചയ്‌ക്കുള്ളില്‍ നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയോ അഭിമുഖം ഉണ്ടാകുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ജൂലൈ അവസാന വാരം ആരംഭിക്കുന്ന ശ്രീലങ്ക പര്യടനത്തിന് മുമ്പ് തന്നെ പുതിയ പരിശീലകന്‍ ചുമതലയേല്‍ക്കുമെന്ന സൂചനയാണ് ബിസിസിഐ നല്‍കുന്നത്. അപേക്ഷ നല്‍കേണ്ട തീയതി നീട്ടിനല്‍കിയതോടെ രവി ശാസ്‌ത്രി ഉള്‍പ്പടെയുള്ള പുതിയ അപേക്ഷകര്‍ വരുമെന്നാണ് സൂചന. എന്നാല്‍ രവി ശാസ്‌ത്രിയുമായി അത്ര രസത്തിലല്ലാത്ത സൗരവ് ഗാംഗുലി പരിശീലകനെ തെരഞ്ഞെടുക്കേണ്ട ക്രിക്കറ്റ് ഉപദേശകസമിതിയിലുണ്ട്. ഇത് രവി ശാസ്‌ത്രിയുടെ സാധ്യതയ്‌ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്നുണ്ട്.