മുംബൈ: ഐപിഎൽ ടെലിവിഷൻ സംപ്രേക്ഷണ കരാറുമായി ബന്ധപ്പെട്ട് കോംപറ്റീഷൻ കമ്മീഷന്‍ ഓഫ് ഇന്ത്യ ബിസിസിഐയ്‌ക്ക് 52 കോടി 24 ലക്ഷം രൂപ പിഴ ചുമത്തി. ഐപിഎൽ ടെലിവിഷൻ സംപ്രേക്ഷണം അവകാശം നൽകിയ സോണി പിക്‌ചേഴ്‌സിന് ബിസിസിഐ നൽകിയ ഉറപ്പാണ് വിവാദമായത്. അടുത്ത പത്തുവർഷത്തേക്ക് ഐപിഎല്ലിന് സമാനമായ ട്വന്റി20 ലീഗ് തുടങ്ങില്ലെന്നായിരുന്നു ബിസിസിഐ കരാറിലൂടെ ഉറപ്പ് നൽകിയത്. ഇതിലൂടെ ഐപിഎല്ലിന് സമാനമായ ടൂർണമെന്റുകൾ രാജ്യത്ത് തുടങ്ങുന്നതിന് തങ്ങളുടേതായ സ്വാധീനം ഉപയോഗിച്ച് ബിസിസിഐ ശ്രമിച്ചതായും കോംപറ്റീഷൻ കമ്മീഷൻ 44 പേജുള്ള ഉത്തരവിലൂടെ വ്യക്തമാക്കി. ബിസിസിഐ നൽകിയ ഉറപ്പ് സംപ്രേക്ഷണാവകാശം നേടിയ കമ്പനിയുടെ വാണിജ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതാണ്. ഇത്തരം നടപടികളിൽനിന്ന് ബിസിസിഐ വിട്ടുനിൽക്കണം. വിപണിയിൽ മൽസരത്തിനുള്ള അവകാശം ഉറപ്പുവരുത്തേണ്ടത് കോംപറ്റീഷൻ കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ബിസിസിഐയുടെ കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷങ്ങളിലെ വരുമാനത്തിന്റെ 4.48 ശതമാനം മാത്രമാണ് ഇപ്പോൾ പിഴയായി വിധിച്ച 52.24 കോടി രൂപയെന്നാണ് റിപ്പോർട്ട്. 2013 മുതൽ 2016 വരെ ബിസിസിഐയുടെ ശരാശരി വരുമാനം 1164.7 കോടി രൂപയാണ്. 2013ലും ഇത്തരത്തിൽ ബിസിസിഐയ്‌ക്ക് കോംപറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയിരുന്നു. എന്നാൽ കമ്മീഷന്റെ അപ്പലേറ്റ് സമിതിയെ സമീപിച്ച് പിഴ ഉത്തരവ് ബിസിസിഐ റദ്ദാക്കിയിരുന്നു.