മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ഹീറോകളായ ശ്രീശാന്തിനെയും ജൊഗീന്ദര്‍ ശര്‍മ്മയെയും ഒഴിവാക്കി ബിസിസിഐയുടെ പ്രതികാരനടപടി. ട്വന്‍റി20 ലോകകപ്പ് നേടിയതിന്‍റെ പത്താം വാര്‍ഷികത്തില്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ ഇരുവരുമില്ല. 2007ല്‍ ഇതേദിവസമാണ് ട്വന്‍റി20 ലോകകപ്പിന്‍റെ ആദ്യ എഡിഷനില്‍ ഇന്ത്യ കപ്പുയര്‍ത്തിയത്.

വീഡിയോയ്ക്കൊപ്പം ബിസിസിഐ പോസ്റ്റ് ചെയ്ത പേരുകളില്‍ നിന്ന് ഇരുവരും തഴയപ്പെട്ടു. മറവി രോഗം ബാധിച്ച ബിസിസിഐയെ ഓര്‍മ്മിപ്പിച്ച് ആരാധകര്‍ രംഗത്തെത്തി. യൂസഫ് പത്താന്‍റെയും അജിത് അഗാക്കറിന്‍റെയും പേരുകളും ബിസിസിഐ വിട്ടുപോയിരുന്നു. എന്നാല്‍ കൂടുതല്‍ ആരാധകര്‍ ശ്രീശാന്തിനും ജൊഗീന്ദറിനും വേണ്ടിയാണ് വാദിച്ചത്. 

അവസാന ഓവറില്‍ ജൊഗിന്ദറിനെ സ്കൂപ്പ് ചെയ്യാനുള്ള പാക് നായകന്‍ മിസ്ബാഹ് ഉള്‍ ഹഖിന്‍റെ ശ്രമം ശ്രീശാന്തിന്‍റെ കൈകളില്‍ അവസാനിച്ചതോടെ ഇന്ത്യ അഞ്ച് റണ്‍സിന് വിജയിച്ചു. അതേസമയം ഐപിഎല്‍ വാതുവയ്‌പ് കേസില്‍ കുറ്റമുക്തനാക്കപ്പെട്ട ശ്രീശാന്തിനുള്ള വിലക്ക് ബിസിസിഐ ഇതുവരെ നീക്കിയിട്ടില്ല.