മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജിവിതകഥ പറയുന്ന 'എം എസ് ധോണി ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിനായി ധോനി ബാറ്റ് ചെയ്യുന്ന ചില ദൃശ്യങ്ങൾ 40 കോടി രൂപ മുടക്കി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വാങ്ങിയതായി റിപ്പോർട്ട്. എത്ര രൂപ വാങ്ങിയെന്ന് വ്യക്തമാക്കിയില്ലെങ്കിലും ദൃശ്യങ്ങൾ നിശ്ചിത തുകക്ക് സിനിമക്കുവേണ്ടി കൈമാറിയതായി ബിസിസിഐ സമ്മതിച്ചു. എന്നാൽ ദൃശ്യങ്ങളിൽ ധോണിയുടെ മുഖത്തിന് പകരം നായകന്റെ മുഖം മോർഫ് ചെയ്ത് ചേർക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയുടെ മിസ്റ്റർ കൂൾ ക്യാപ്റ്റന്റെ ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത മുഖം ചിത്രത്തിലൂടെ പുറത്തുവരുമെന്നാണ് അണിയറ പ്രവർത്തകരുടെ വാഗ്ദാനം. ഇന്ത്യൻ ക്യാപ്റ്റനിലേക്കുള്ള ധോണിയുടെ വളർച്ച ചിത്രീകരിക്കുന്ന ചിത്രത്തിൽ ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിജയത്തിലേക്ക് നയിച്ച ചില രംഗങ്ങൾ അവശ്യമായി വന്നിരുന്നു. അപ്പോഴാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ബിസിസിഐയെ സമീപിച്ചത്. 2011 ലോകകപ്പിൽ സിക്സ് അടിച്ച് ഇന്ത്യയെ ജയിപ്പിച്ച രംഗം ഉൾപ്പെടെയാണ് 40 കോടിയോളം രൂപ നൽകി അണിയറ പ്രവര്‍ത്തകര്‍ സ്വന്തമാക്കിയത്. എന്നാൽ തുക എത്രയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്താൻ ബിസിസിഐ തയ്യാറായില്ല. പക്ഷേ ദൃശ്യങ്ങൾ നൽകിയതായി വക്താവ് സമ്മതിച്ചു.

എന്നാൽ ദൃശ്യങ്ങളിൽ ധോണിയുടെ മുഖത്തിന് പകരം ചിത്രത്തിൽ ധോണിയായി വേഷം ഇടുന്ന സുശാന്ത് സിംഗ് രജ്പുത്തിന്റെ മുഖമാക്കി മാറ്റുമെന്നാണ് വിവരം. ഇത് ആരാധകർക്ക് എത്രത്തോളം രസിക്കുമെന്ന് കാത്തിരുന്ന് കാണണം. എന്നാൽ ചിത്രത്തിന്റെ ട്രെയിലറിന്റെ അത്രതന്നെ ആവേശത്തോടെയാണ് പാട്ടും സ്വീകരിക്കപ്പെട്ടത്. ഇന്ത്യയിലെ ഓരോ ചെറു തെരുവിലും ക്രിക്കറ്റ് കളിക്കുന്ന കുട്ടികലെ പറ്റിയുള്ള പാട്ട് ഇനിയുള്ള ക്രിക്കറ്റ് സീസണുകളിൽ ഉയർന്നു കേൾക്കുമെന്ന് ഉറപ്പാണ്.