തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യാന്തര ടി20 മല്‍സരം കളിക്കും. ന്യൂസിലാന്‍ഡോ ഓസ്‌ട്രേലിയയോ ആകും ഇന്ത്യയ്ക്കെതിരെ തിരുവനന്തപുരത്ത് കളിക്കുക. ഓസ്‌ട്രേലിയ സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലും ന്യൂസിലാന്‍ഡ് ഒക്‌ടോബര്‍ അവസാനവും ഇന്ത്യയില്‍ പര്യടനം നടത്തുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു ടീമിനെതിരായ ടി20 മല്‍സരമാണ് ഇന്ത്യയില്‍ കളിക്കുക. നേരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ടെസ്റ്റ് പദവി ലഭിച്ചിരുന്നു. ടെസ്റ്റ് മല്‍സരം നടത്തുന്നതിന് മുന്നോടിയായാണ് ട്വന്റി20 മല്‍സരം തിരുവനന്തപുരത്തിന് അനുവദിക്കാന്‍ ബിസിസിഐ ടൂര്‍ ആന്‍ഡ് ഫിക്‌സചര്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ ടീം ഇന്ത്യ 23 രാജ്യാന്തരക്രിക്കറ്റ് മല്‍സരങ്ങള്‍ ഇന്ത്യയില്‍ കളിക്കും. ഇതില്‍ മൂന്നു ടെസ്റ്റും 11 ഏകദിനങ്ങളും ഒമ്പത് ടി20 മല്‍സരങ്ങളുമുണ്ട്. ഇതില്‍ ഒരു ടി20 മല്‍സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുക. കാര്യവട്ടം സ്റ്റേഡിയത്തിന് പുറമെ ആസാമിലെ ബര്‍സാപാരാ സ്റ്റേഡിയത്തിലും അരങ്ങേറ്റ രാജ്യാന്തര മല്‍സരം നടക്കും. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകള്‍ സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലും അതിനുശേഷം വര്‍ഷാവസാനം ശ്രീലങ്കയും ഇന്ത്യയില്‍ പര്യടനം നടത്തും. ഓസ്‌ട്രേലിയ ഇന്ത്യയില്‍ അഞ്ച് ഏകദിനങ്ങളും മൂന്നു ടി20 മല്‍സരങ്ങളുമാണ് കളിക്കുന്നത്. ഒക്‌ടോബര്‍ മാസത്തില്‍ ന്യൂസിലാന്‍ഡും ഏകദിന-ടി20 മല്‍സരങ്ങള്‍ ഉള്‍പ്പെടുന്ന ഹ്രസ്വ പരമ്പരയ്‌ക്കായി ഇന്ത്യയില്‍ എത്തുന്നുമെന്നാണ് സൂചന. ഡിസംബറിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പര്യടനം നടത്തുക.
