മുംബൈ: ഐ പി എല്ലില്‍ കൂടുതല്‍ സുതാര്യത വരുത്താനുള്ള നടപടികളുമായി ബിസിസിഐയുടെ പുതിയ ഭരണ സമിതി. ഇതിനായി 19 പേജുള്ള മാ‍ര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിക്കഴിഞ്ഞു. വ്യത്യസ്തമായിരിക്കും ഇത്തവണത്തെ ഉദ്ഘാടന ചടങ്ങുകള്‍. ഓരോ ടീമിന്റെയും ആദ്യ മത്സരത്തിന് ഹോം ഗ്രൗണ്ടില്‍  ഉദ്ഘാടന ചടങ്ങുണ്ടാവും.സമാപന ചടങ്ങിലും വര്‍ണാഭമായ കലാവിരുന്നുണ്ടാവും.

ഇതിനായി പരിചയസമ്പന്നരായ ഇവന്റ് മാനേജ്മെന്റ് കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് കഴിഞ്ഞു. 30 കോടി രൂപയെങ്കിലും വാര്‍ഷിക വരുമാനം ഉണ്ടായിരിക്കണം. കമ്പനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരിക്കരുത് തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കേ ഉദ്ഘാടന ചടങ്ങ് നടത്താനായി അപേക്ഷ നല്‍കാനാവൂ. യോഗ്യരായ അപേക്ഷകരെ മാര്‍ച്ച് ഒന്നിന് കൂടിക്കാഴ്ചയ്‌ക്ക് വിളിക്കും.

അപേക്ഷകരുടെ 45 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ അവതരണം കണ്ടതിന് ശേഷമായിരിക്കും അന്തിമതീരുമാനം. ഏപ്രില്‍ അ‍ഞ്ച് മുതല്‍ മേയ് 21 വരെയാണ് ഇത്തവണത്തെ ഐപി എല്‍ മത്സരങ്ങള്‍. ഐപിഎല്‍ മത്സരക്രമങ്ങളുടെ പട്ടിക ബിസിസിഐ ഇന്നലെ പുറത്തുവിട്ടിരുന്നു.