രമേശ് പവാറിന് പകരം പുതിയ പരിശീലകനെ തെരഞ്ഞെടുക്കാന്‍ ബിസിസിഐ അപേക്ഷകള്‍ ക്ഷണിച്ചു. രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ പരിശീലകനായ ഡേവ് വാട്ട്‌മോറിന്‍റെ പേരും പരിഗണനയില്‍ എന്ന് റിപ്പോര്‍ട്ട്...

മുംബൈ: പരിശീലകന്‍ രമേശ് പവാറും ഇതിഹാസ താരം മിതാലി രാജും തമ്മിലുള്ള ആരോപണ- പ്രത്യാരോപണങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ നിര്‍ണായക ചുവടുവെപ്പുമായി ബിസിസിഐ. പവാറിന് പകരം പുതിയ പരിശീലകനെ തെരഞ്ഞെടുക്കാന്‍ ബിസിസിഐ അപേക്ഷകള്‍ ക്ഷണിച്ചു. പരിശീലകനും മുതിര്‍ന്ന താരവും തമ്മിലുള്ള തുറന്നയുദ്ധം തുടരേണ്ടതില്ല എന്ന നിലപാടിലാണ് ബിസിസിഐ എന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്‌ട്ര പരിശീലന രംഗത്ത് കഴിവ് തെളിയിച്ച ഒരാളെ വനിതാ ടീമിന്‍റെ പിന്നണിയിലെത്തിക്കാനാണ് ബിസിസിഐയുടെ പദ്ധതി. മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും പരിചയസമ്പന്നനുമായ ടോം മൂഡി, ലങ്കയെ 1996 ലോകകപ്പ് ജേതാക്കളാക്കിയ ഡേവ് വാട്ട്‌മോര്‍, ഇന്ത്യന്‍ പുരുഷ ടീം മുന്‍ ബൗളിംഗ് പരിശീലകനും ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍റെ പരിശീലകനുമായിരുന്ന വെങ്കിടേഷ് പ്രസാദ് എന്നിവരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ പരിശീലകനാണ് ഇപ്പോള്‍ വാട്ട്‌മോര്‍.

ഫോമിലായിരുന്നിട്ടും ടി20 വനിതാ ലോകകപ്പ് സെമിയില്‍ മിതാലിയെ കളിപ്പിക്കാത്തിരുന്നത് വലിയ വിവാദമായിരുന്നു. മിതാലി കളിക്കാതിരുന്ന സെമിയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനും സിഒഎ അംഗത്തിനുമെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ കത്ത് മിതാലി ബിസിസിഐക്ക് അയച്ചത്. രമേഷ് പവാര്‍ പലതവണ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചതായി മിതാലി കത്തില്‍ ആരോപിച്ചിരുന്നു. 

'അടുത്തെങ്ങാനും ഞാനുണ്ടെങ്കില്‍ അദേഹം വേഗം അവിടെനിന്ന് മാറിനില്‍ക്കും. മറ്റുള്ളവര്‍ നെറ്റ്‌സില്‍ പരിശീലിക്കുമ്പോള്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി നിരീക്ഷിക്കും. ഞാന്‍ നെറ്റ്‌സിലെത്തിയാല്‍ അവിടെനിന്നു മാറും. എന്തെങ്കിലും ചോദിക്കാന്‍ അടുത്തുചെന്നാല്‍ ഫോണില്‍ ഞെക്കിക്കൊണ്ട് നടന്നുപോകും. അദ്ദേഹം എന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തത് എല്ലാവര്‍ക്കും അറിയാവുന്നതാണ്- കത്തില്‍ മിതാലി പറയുന്നു.

തന്നോട് അകലം പാലിച്ച മിതാലിയുമായി ടീമിൽ ഒത്തുപോവുക പ്രയാസമായിരുന്നു. കളിക്കാർ പരിശീലകരെ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കാൻ ആകില്ലെന്നുമായിരുന്നു കത്തിന് രമേശ് പവാറിന്‍റെ മറുപടി. ബിസിസിഐക്ക് പവാര്‍ നല്‍കിയ ഈ മറുപടിയോടും മിതാലി പ്രതികരിച്ചിരുന്നു. 'എനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. കളിയോടുള്ള എന്‍റെ സമര്‍പ്പണവും എന്‍റെ പ്രതിഭ പോലും ചോദ്യം ചെയ്യപ്പെടുന്നുവെന്നും' മിതാലി പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ഓഫ് സ്‌പിന്നറായ പവാറിനെ കഴിഞ്ഞ ആഗസ്റ്റിലാണ് പരിശീലനായി നിയമിച്ചത്. പവാറിന്‍റെ ആദ്യ അന്താരാഷ്ട്ര പരിശീലക്കളരി ആയിരുന്നു ഇത്. പുതിയ പരിശീലകനായുള്ള അഭിമുഖം ഡിസംബര്‍ 20ന് ബിസിസിഐ ആസ്ഥാനത്ത് നടക്കും. രണ്ട് വര്‍ഷത്തേക്കായിരിക്കും കരാര്‍.