ക്യാപ്റ്റനായും ഓപ്പണറായും ഗില്‍ തിരിച്ചെത്തുമ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും.
വഡോദര: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ വഡോദരയില്‍ തുടക്കമാകും. പുതുവര്‍ഷത്തിലെ ടീം ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ഏകദിനം 14ന് രാജ്കോട്ടിലും മൂന്നാം ഏകദിനം 18ന് ഇന്‍ഡോറിലും നടക്കും. രോഹിത് ശര്‍മയെയും വിരാട് കോലിയും വീണ്ടും ഇന്ത്യൻ ജേഴ്സിയില്‍ കാണാനുള്ള അവസരം കൂടിയാണ് ആരാധകര്‍ക്കിത്. വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരും ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തുന്ന ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ക്യാപ്റ്റനായും ഓപ്പണറായും ഗില്‍ തിരിച്ചെത്തുമ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. രോഹിത് ശര്‍മക്കൊപ്പം ഗില്‍ ഓപ്പണറാകുമ്പോൾ മൂന്നാം നമ്പറില്‍ മിന്നും ഫോമിലുള്ള വിരാട് കോലി എത്തും. ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ നാലാം നമ്പറിലും കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറിലും ക്രീസിലെത്തും.
ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഓള്‍ റൗണ്ടര്‍മാരായി നിതീഷ് കുമാര്‍ റെഡ്ഡിയ്ക്ക് പ്ലേയിംഗ് ഇലവനില്‍ അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജ എത്തുമ്പോള്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനില്‍ കളിക്കും. പേസര്‍മാരായി ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരാകും പ്ലേയിംഗ് ഇലവനിലുണ്ടാകുക.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, അറ്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.


