മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പദ്മഭൂഷണ്‍ പുരസ്കാരത്തിനായി ബിസിസിഐ നാമനിര്‍ദേശം ചെയ്തു ഇത്തവണ ധോണിയെ മാത്രമാണ് പദ്മ പുരസ്കാരത്തിന് ബിസിസിഐ ശുപാര്‍ശ ചെയ്തത്.

ഖേല്‍രത്ന, പദ്മശ്രീ, അര്‍ജുന പുരസ്കാരങ്ങള്‍ ധോണിയുടെ പേരിലുണ്ട്. സച്ചിന്‍, ദ്രാവിഡ്, സുനില്‍ ഗാവസ്കര്‍ എന്നിവരടക്കം 10 ക്രിക്കറ്റ് താരങ്ങള്‍ക്കാണ് ധോണിക്ക് മുമ്പ് രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയന്‍ പുരസ്കാരമായ പദ്മഭൂഷണ്‍ ലഭിച്ചിട്ടുള്ളത്.

രണ്ട് ലോകകപ്പ് കിരീടങ്ങളടക്കം നിരവധി നേട്ടങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച താരമാണ് ധോണിയെന്ന് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ..ഖന്ന പറഞ്ഞു. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികവുറ്റ താരങ്ങളിലൊരാളാണ് ധോണിയെന്നും അദ്ദേഹത്തിന്റെ പേരല്ലാതെ മറ്റൊരു പേരും ബിസിസിഐയുടെ മുന്നിലില്ലായിരുന്നുവെന്നും സി കെ ഖന്ന വ്യക്തമാക്കി.

302 ഏകദിനങ്ങളില്‍ നിന്നായി 9737 റണ്‍സ് നേടിയിട്ടുള്ള ധോണി 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും നേടിയിട്ടുണ്ട്. 78 ടി20 മത്സരങ്ങളില്‍ നിന്ന് 1212 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ടെസ്റ്റിലും ഏകദിനത്തിലുമായി 16 സെഞ്ചുറികള്‍(ഏകദിനം-10, ടെസ്റ്റ്-6) നേടിടിയിട്ടുള്ള ധോണി കഴിഞ്ഞ ദിവസം ഓസ്‍ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറികളില്‍ സെഞ്ചുറി തികച്ചിരുന്നു.