മുംബൈ: ഐപിഎല്ലിന് ദക്ഷിണാഫ്രിക്ക വീണ്ടും വേദിയാകാന്‍ സാധ്യത. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് പരിഗണിച്ചാണ് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ ആലോചിക്കുന്നത്. 2019ലെ ഏപ്രിൽ- മേയ് മാസങ്ങളിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഇതേ സമയത്ത് ഐപിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചാലുണ്ടാകുന്ന സുരക്ഷ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഗണിച്ചാണ് വേദി മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നത്.
ഇതിനു മുമ്പ് 2009ൽ ദക്ഷിണാഫ്രിക്കയിലും 2014ൽ ആദ്യ രണ്ടാഴ്ച്ചയിലെ ഐപിഎൽ മത്സരങ്ങൾ യുഎഇയിലും നടത്തിയിരുന്നു. പൊതുതെരഞ്ഞെടുപ്പ് പരിഗണിച്ചാണ് യുഎയിലേക്ക് മത്സരങ്ങള്‍ മാറ്റിയത്. എന്നാല്‍ ഇക്കുറി ഇതേസമയത്ത് ദക്ഷിണാഫ്രിക്കയിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മറ്റ് വേദികളും ബിസിസിഐ പരിഗണിച്ചേക്കും. ലോകകപ്പിന്‍റെ മത്സരക്രമം കൂടി പരിഗണിച്ചായിരിക്കും വേദി മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
