മുംബൈ: ഐപിഎല്‍ 11-ാം സീസണില്‍ വനിതകളുടെ പ്രദര്‍ശന ടി20 മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ. വനിതാ ഐപിഎല്‍ തുടങ്ങാന്‍ ആലോചിക്കുന്നതിന്‍റെ ഭാഗമായാണ് ബിസിസിഐയുടെ ഈ നീക്കം. എന്നാല്‍ വനിതാ ഐപിഎല്‍ യാതാര്‍ത്ഥ്യമാവാന്‍ അനവധി കടമ്പകള്‍ കടക്കാനുണ്ടെന്നും സമഗ്രമായ ആസൂത്രണം ആവശ്യമാണെന്നും ബിസിസിഐയുടെ ഇടക്കാല ഭരണസമിതി അംഗം ഡയാന എഡുല്‍ജി പറഞ്ഞു. 

പ്രദര്‍ശന മത്സരത്തിന് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രമുഖ ടീമുകളിലെ താരങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ താരങ്ങളെയെല്ലാം ബിസിസിഐ പ്രദര്‍ശന മത്സരത്തിന് ക്ഷണിക്കും. ടി20 ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ഐപിഎല്ലിന്‍റെ പ്രതാപം വീണ്ടെടുക്കുന്നതിന് ഈ നീക്കം ഗുണംചെയ്യും.

സാധ്യമെങ്കില്‍ ഈ വര്‍ഷം തന്നെ വനിതാ ഐപിഎല്‍ നടപ്പിലാക്കുമെന്നും അതിനായാണ് താന്‍ നിലകൊള്ളുന്നതെന്നും ഡയാന വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ ഏകദിന-ടി20 പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ വനിതകളെ ഡയാന അഭിനന്ദിച്ചു.