ദേശീയ ഫെഡറേഷനായി പ്രഖ്യാപിക്കണം വിവരാവകാശത്തിന്‍റെ പരിധിയിൽ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നൽകി

ബിസിസിഐ ഉടച്ചുവാര്‍ക്കണമെന്ന് ലോ കമ്മീഷൻ റിപ്പോര്‍ട്ട്. ദേശീയ സ്പോട്സ് ഫെഡറേഷനായി പ്രഖ്യാപിച്ച് ബിസിസിഐയെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി. ഭരണഘടനയുടെ 12ആം അനുഛേദത്തിൽ ഉൾപ്പെുത്തി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്പോട്സ് ഫെഡറേഷനായി ബിസിസിഐയെ പ്രഖ്യാപിക്കണം. 

സര്‍ക്കാര്‍ നേരിട്ട് നിയമസഹായം നൽകുന്നില്ലെങ്കിലും നികുതി ഇളവുകൾ ബിസിസിഐക്ക് നൽകുന്നുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബിസിസിഐ പൊതുമേഖലാ സ്ഥാപനമാകുന്നതോടെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരും. അത്‍ലറ്റിക്സ് ഫെ‍ഡറേഷൻ പോലെ കേന്ദ്രസര്‍ക്കാരിന് കീഴിൽ ബിസിസിഐ വരുന്പോൾ പൊതുതാത്പര്യ ഹര്‍ജികൾ ബിസിസിഐക്കെതിരെ നൽകാം.

ടീം സെലക്ഷനേയും കളിക്കാരുമായുള്ള കരാറിനേയും വരെ ചോദ്യം ചെയ്യാം.താരങ്ങളുടേയും ഉദ്യോഗസ്ഥരുടേയും പരിശീലകരുടേയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ബിസിസിഐ ബാധ്യസ്ഥരാകും. കേന്ദ്ര ഉത്തേജകവിരുദ്ധ ഏജൻസിയായ നാഡയ്ക്ക് ക്രിക്കറ്റ് താരങ്ങളേയും പരിശോധിക്കാം. 124 പേജുള്ള റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാരിന് ലോ കമ്മീഷൻ നൽകിയത്. 

ബിസിസിഐയെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മുദ്ഗൽ ലോധ സമിതികൾ ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശ പരിശോധിക്കാൻ സുപ്രീംകോടതിയാണ് നിയയ കമ്മീഷനെ ചുമതലപ്പെടുത്തിയത്. വിഷയത്തിൽ ബിസിസിഐയുടെ അഭിപ്രായം ലോകമ്മീഷൻ തേടിയിരുന്നെങ്കിലും മറുപടി കിട്ടിയിരുന്നില്ല