ഐപിഎൽ മൽസരങ്ങളുടെ സമയക്രമം മാറ്റുന്നത് ബിസിസിഐ പരിഗണിക്കുന്നു. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് മൽസരം തുടങ്ങുന്നത് ഒരു മണിക്കൂർ നേരത്തെയാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച നിർദ്ദേശം ഐപിഎൽ ഭരണസമിതിയോഗത്തിൽ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല മുന്നോട്ടുവെച്ചു. പുതിയ നിർദ്ദേശം അനുസരിച്ച് ഐപിഎൽ മൽസരം തുടങ്ങുന്നത് രാത്രി എട്ടുമണിക്ക് പകരം ഏഴു മണിക്കും, ഉച്ചയ്‌ക്ക് ശേഷമുള്ള സമയക്രമം നാലു മണി എന്നതിന് പകരം മൂന്നു മണിയാക്കാനുമാണ് ബിസിസിഐ ആലോചിക്കുന്നത്. ഈ നിർദ്ദേശം ഫ്രാഞ്ചൈസികൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ മൽസരങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ ഇന്ത്യയുടെ കൂടി സമ്മതത്തോടെ മാത്രമെ പുതിയ സമയക്രമം നടപ്പാക്കുവെന്നാണ് ബിസിസിഐ പറയുന്നത്. മൽസരങ്ങൾ അര്‍ദ്ധരാത്രിയിലേക്ക് നീളുന്നത് കാരണം പല സാങ്കേതികബുദ്ധിമുട്ടുകളും ഉണ്ടെന്നാണ് ഐപിഎൽ ഭരണസമിതി വിലയിരുത്തുന്നത്. സൂപ്പ‍ർ ഓവ‍ർ, മഴ എന്നിവ കാരണം മൽസരം വൈകുന്നത് കാഴ്‌ചക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രാത്രിയിലെ മൽസരം ഒരു മണിക്കൂർ നേരത്തെ തുടങ്ങിയാൽ പരസ്യവരുമാനം വ‍ർദ്ധിപ്പിക്കാനാകുമെന്ന നിർ‍ദ്ദേശവും ബിസിസിഐ പരിഗണിക്കുന്നുണ്ട്.