മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി അടക്കമുള്ള താരങ്ങളോട് പൊതുമേഖലാ സ്ഥാപനങ്ങളിലെ തങ്ങളുടെ ജോലി ഉപേക്ഷിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ പദവിക്കുപുറമെ പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയില്‍ മാനേജരുമാണ് കോലി. ലോധ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭിന്നതാല്‍പര്യങ്ങളുണ്ടാവാതിരിക്കാനാണ് കോലി അടക്കമുള്ള താരങ്ങളോട് തങ്ങളുടെ ജോലി ഉപേക്ഷിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതെന്നാണ് സൂചന.

കോലിക്ക് പുറമെ രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ഇഷാന്ത് ശര്‍മ, അജിങ്ക്യാ രഹാനെ എന്നിവോടും ജോലി ഉപേക്ഷിക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവി കൂടി വഹിക്കുന്നവരാണ്. ഇന്ത്യന്‍ ടീം പേസ് ബൗളറായ ഉമേഷ് യാദവിന് അടുത്തിടെയാണ് റിസര്‍ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി നിയമനം ലഭിച്ചത്.

ലോധാ സമിതി നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കിയാല്‍ ഇന്ത്യന്‍ ടീമിലെ നിരവധി താരങ്ങള്‍ ക്രിക്കറ്റിന് പുറത്തുള്ള ജോലികള്‍ ഉപേക്ഷിക്കേണ്ടിവരും.