ബംഗലൂരു: അരങ്ങേറ്റ സീസണിൽ തന്നെ ഐ എസ് എല്ലിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരു എഫ് സി. ഞായറാഴ്ച മുംബൈ സിറ്റിക്കെതിരെയാണ് ബി എഫ് സിയുടെ ആദ്യ മത്സരം. ഐ എസ് എല്ലിലെ അരങ്ങേറ്റക്കാരാണെങ്കിലും ചില്ലറക്കാരല്ല ബെംഗളൂരു എഫ് സി. ഒത്തിണക്കം ഉള്ള താരനിര. ഉറച്ച ആരാധക പിന്തുണ. തന്ത്രശാലിയായ പരിശീലകൻ. എതിരാളികൾ എന്തുകൊണ്ടും ഭയപ്പെടണം ബെംഗളൂരുവിന്‍റെ
നീലപ്പടയെ.

ഗോൾവേട്ടയ്ക്ക് ചുക്കാൻ പിടിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ഒപ്പം ഉദാന്ത സിംഗും ഹാവോകിപ്പും റോഡ്രിഗസും ഫ്ലോറെസും. എഡു ഗാർസ്യ, എറിക്, ബോയ്താംഗ്, ടോണി, മാൽസംസുവാല, റോബിൻസൺ സിംഗ്, ആൽവിൻ ജോർജ്, ഡെൽഗാഡോ, ലെന്നി റോഡ്രിഗസ് എന്നിവർ മധ്യനിരയിൽ. വൈസ് ക്യാപ്റ്റൻ ജോൺ ജോൺസൻ നയിക്കുന്ന പ്രതിരോധത്തിൽ രാഹുൽ ബെക്കെ, കോളിൻ അബറാഞ്ചസ്, റാൾട്ടേ, യുവാനൻ, പ്രശാന്ത് കലിംഗ, ജോയ്നർ ലോറൻസോ, നിഷു കുമാർ എന്നിവരും.

ലാൽതും മാവിയ റാൾട്ടേ, അബ്ര മൊണ്ടൽ എന്നിവരാണ് ഗോൾകീപ്പർമാർ. യൂറോപ്പിൽ കളിക്കുന്ന ഗോളി ഗുർപ്രീത് സിംഗ് സന്ധു ലീഗിനിടെ ടീമിനൊപ്പം ചേരുമെന്നാണ് ബിഎഫ്സിയുടെ പ്രതീക്ഷ. ബാഴ്സലോണയുടെ
സഹപരിശീലകനായിരുന്ന ആൽബർട്ട് റോക്കയുടെ തന്ത്രങ്ങളുമായാണ് ടീം ഇറങ്ങുക. സ്പെയ്നിലായിരുന്നു ടീമിന്‍റെ മുന്നൊരുക്കം. ആദ്യ സീസണിൽ തന്നെ ഐ ലീഗ് കിരീടം നേടിയ ബിഎഫ്സി എ എഫ് സി കപ്പിന്‍റെ
ഫൈനലിൽ കളിച്ചും ചരിത്രം കുറിച്ചു. ഏറെനാളായി ഒരുമിച്ച് കളിക്കുന്ന സംഘമാണ് ബെംഗലൂരു എഫ് സി. ഇതുതന്നെയാണ് ബിഎഫ്സിയെ മറ്റ് ടീമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും.