കൊച്ചി: എതിർ ടീമിന്‍റെ കളിയിലല്ല സ്വന്തം കളി മെച്ചപ്പെടുത്തുന്നതിലും ടീമിനെ വിജയിപ്പിക്കുന്നതിലുമാണ് തന്‍റെ ശ്രദ്ധയെന്ന് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ദിമിതർ ബെർബറ്റോവ്. ബ്ളാസ്റ്റേഴ്സ് മധ്യനിരയിലെ കളി താൻ ആസ്വദിക്കുന്നുണ്ടെന്നും പരുക്ക് ഭേദമായി ഉടൻ ടീമില്‍ മടങ്ങിയെത്തുമെന്നും ബെർബറ്റോവ് പറഞ്ഞു.

ബൾഗേറിയയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരന്‍, മാഞ്ചെസ്റ്റർ യുണൈറ്റഡിനായി അൻപത് ഗോൾ നേടിയ താരം എന്നിങ്ങനെ ബെര്‍ബയുടെ വിശേഷണങ്ങള്‍ ഏറെയാണ്. കരിയറിന്‍റെ അവസാനകാലത്താണ് കേരള ബ്ളാസ്റ്റേിലെത്തിയതെങ്കിലും മധ്യനിരയിൽ കളി മെനയുന്നത് ബെർബറ്റോവാണ്. ഗോവയുമായുള്ള മത്സരത്തിനിടയിൽ പരുക്കേറ്റ് പിൻമാറിയ ബെർബ കഴിഞ്ഞ രണ്ട് മത്സരത്തിൽ ബഞ്ചിലായിരുന്നു. ഡിസംബർ 31ന് ബംഗലുരു എഫ്.സിക്കെതിരായി കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ തിരിച്ചെത്താനാകുമെന്നാണ് ബെർബറ്റോവിന്‍റെ പ്രതീക്ഷ.

ഐ.എസ്.എല്ലിൽ എതിരാളികൾ ശക്തരാണ്. അവർ എങ്ങനെ കളിക്കുന്നുവെന്ന് താൻ നോക്കുന്നില്ല. തന്‍റെ കളി മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കുക. മാഞ്ചെസ്റ്ററിനടക്കം മുൻ നിരയിൽ കളിച്ച താൻ ഇപ്പോൾ മധ്യനിരയിലാണ് കളിക്കുന്നത്. ആ കളി താൻ ആസ്വദിക്കുന്നുണ്ടെന്നും ബെർബറ്റോവ് വിശദമാക്കി. 

ഇന്ത്യയിൽ മികച്ച യുവതാരങ്ങളുണ്ടെന്നും യൂറോപ്യൻ ലീഗിലടക്കം കളിക്കുന്നത് സ്വപ്നം കണ്ട് കളിക്കാൻ ശ്രമിക്കണമെന്നും ബെർബറ്റോവ് പറഞ്ഞു. ഇനിയസ്റ്റയുടെ കളിയെ ഏറെ ഇഷ്ടപ്പെടുന്ന ബെർബറ്റോവ് കളിക്കാരൻ എന്നത് കഴിഞ്ഞാൽ പരിശീലകൻ എന്നതാണ് തന്‍റെ സ്വപ്നമെന്നും കൂട്ടിചേർത്തു.