കേപ്‌ടൗണ്‍: കേപ്‌ടൗണ്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത് ഭുവനശ്വര്‍ കുമാറിന്‍റെ കരുത്തില്‍. 19 ഓവറില്‍ 87 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് പ്രോട്ടീസിനെ 286ല്‍ ഒതുക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ എല്‍ഗാറിനെ(0) ആദ്യ ഓവറിലെ മൂന്നാം പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് പറഞ്ഞയച്ച് ഭുവി നയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ ഒരാളാണ് എല്‍ഗാര്‍. 

Add Asianetnews as a Preferred SourcegooglePreferred

മൂന്നാം ഓവറിലെ അവസാന പന്തില്‍ അഞ്ച് റണ്‍സെടുത്ത മക്രത്തിനെ മടക്കിയതോടെ ഓപ്പണര്‍മാര്‍ കൂടാരം കയറി. പിന്നാലെ അഞ്ചാമത്തെ ഓവറില്‍ പ്രോട്ടീസിന്‍റെ വന്‍മതില്‍ അംല മൂന്ന് റണ്‍സെടുത്ത് ഭുവിക്ക് തന്നെ കീഴടങ്ങിയതോടെ മൂന്നിന് 12 റണ്‍സ് എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. വാലറ്റത്ത് ഫിലാന്‍ഡറിനെ കൂട്ടുപിടിച്ച് 43 റണ്‍സെടുത്ത ഡി കോക്ക് ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും കൂട്ടുകെട്ട് പൊളിച്ച് ഭുവി ഒരിക്കല്‍ കൂടി വില്ലനായി. പേസിനൊപ്പം മികച്ച സ്വിംങും ലഭിച്ചതാണ് ന്യൂലന്‍ഡില്‍ ഭുവിക്ക് തുണയായത്.