വാണ്ടറേഴ്‌സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ വിജയമുറപ്പിച്ചത് പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. ഭുവി 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യ 28 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയായിരുന്നു. തകര്‍പ്പന്‍ ബൗളിംഗുമായി ഒരിക്കല്‍ കൂടി രക്ഷകനായപ്പോള്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കാനും ഭുവനേശ്വര്‍ കുമാറിനായി. ട്വന്റി 20യില്‍ ആദ്യമായാണ് ഇന്ത്യന്‍ പേസര്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
ഇതിനു മുമ്പ് ട്വന്റി 20യില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരം സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ മാത്രമാണ്. ഭുവി തകര്‍ത്താടിയപ്പോള്‍ ഇന്ത്യയുടെ 203 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയരുടെ ഇന്നിംഗ്‌സ് 170 ല്‍ അവസാനിക്കുകയായിരുന്നു. ഓപ്പണര്‍ ജെ.ജെ സ്മട്ട്(14), നായകന്‍ ജെ പി ഡുമിനി(3), ഹെന്‍ഡ്രിക്‌സ്(70), ക്ലാസന്‍(16), മോറിസ്(0) എന്നിവരാണ് ഭുവിക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്.
