പരിക്കേറ്റ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുന്നു. താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ബിസിസിഐ. ഏഷ്യാകപ്പിനുള്ള ടീമില്‍ ഇടംപിടിക്കുമോ എന്നത് ആകാംക്ഷ.
മുംബൈ: പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഫിറ്റനെസ് വീണ്ടെടുത്തതായി ബിസിസിഐ. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നസ് പരീക്ഷയില്‍ ഭുവി വിജയിച്ചു. നടന്നുകൊണ്ടിരിക്കുന്ന ചതുര്‍രാഷ്‌ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ എ ടീമില്‍ താരം കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്‌ച്ച ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഭുവിക്ക് അവസരം നല്‍കിയേക്കും. മത്സരത്തില്‍ തിളങ്ങിയാല്‍ ഏഷ്യാകപ്പ് ടീമിലേക്കുള്ള ക്ഷണമാണ് കാത്തിരിക്കുന്നത്. യുഎഇയില്‍ സെപ്റ്റംബര്‍ 15നാണ് ഏഷ്യാകപ്പ് ആരംഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ 17ന് മൂന്നാം ഏകദിനത്തിലായിരുന്നു ഭുവി അവസാനമായി നീലക്കുപ്പായമണിഞ്ഞത്. പുറംവേദനമൂലം താരത്തിന് ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു.
