ഇത്തവണ ഐപിഎല്ലില്‍ 150ല്‍ താഴെയുള്ള സ്‌കോറുകള്‍ എടുത്ത് എതിരാളികളെ എറിഞ്ഞിടുക, ഇതാണ് ഹൈദരബാദ് പയറ്റുന്ന തന്ത്രം

ഹൈദരാബാദ്: ഇത്തവണ ഐപിഎല്ലില്‍ 150ല്‍ താഴെയുള്ള സ്‌കോറുകള്‍ എടുത്ത് എതിരാളികളെ എറിഞ്ഞിടുക, ഇതാണ് ഹൈദരബാദ് പയറ്റുന്ന തന്ത്രം. ഈ തന്ത്രത്തിന്‍റെ പ്രധാന കണ്ണി 19കാരനായ റാഷിദ് ഖാനെന്ന അഫ്ഗാനിസ്ഥാന്‍ സ്പിന്നറാണ്. കഴിഞ്ഞ ദിവസം ബംഗലൂരുവിനെതിരായ മത്സരത്തിലും റാഷിദിന്‍റെ ബൗളിംഗ് മികവ് കണ്ടു. 

ഡിവില്ലിയേഴ്സിന്റെ നിര്‍ണായക വിക്കറ്റെടുത്ത റാഷിദ് ഖാനാണ് കളി സണ്‍റൈസേഴ്സിന് അനുകൂലമാക്കിയത്. മത്സരത്തില്‍ ജയിച്ചശേഷം റാഷിദ് ഖാനെ സഹതാരമായ ഭുവനേശ്വര്‍കുമാര്‍ ബിസിസിഐ ടിവിക്കുവേണ്ടി അഭിമുഖം നടത്തി. ഐപിഎല്ലില്‍ നീ എന്തു വേണമെങ്കിലും ചെയ്തോ പക്ഷെ അത് ഇന്ത്യക്കെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ചെയ്യരുതെന്നാണ് ഭുവനേശ്വര്‍ കുമാര്‍ തമാശയായി റാഷിദിനോട് പറഞ്ഞത്. 

ഇതിന് അഫ്ഗാന്‍ താരം ചിരിച്ച് കൊണ്ട് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു,. ഇന്‍ഷാ അള്ളാ… ജൂണിലാണ് ടെസ്റ്റില്‍ അരങ്ങേറുന്ന അഫ്ഗാന്‍ ഇന്ത്യക്കെതിരെ ഏക ടെസ്റ്റ് പരമ്പരയില്‍ കളിക്കുക. കഴിഞ്ഞ അഫ്ഗാനെതിരെയുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു.