കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വന്‍തുക മുടക്കി ടീമിലെത്തിച്ച താരങ്ങളെ കൈവിടാനൊരുങ്ങി ഐപിഎല്‍ ടീമുകള്‍. മനീഷ് പാണ്ഡെ, ജയദേവ് ഉനദ്ഘട്ട്, ബെന്‍ സ്റ്റോക്സ് എന്നിവരെയാണ് ഫ്രാഞ്ചൈസികള്‍ ഒഴിവാക്കാനരുങ്ങുന്നത് എന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈ: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വന്‍തുക മുടക്കി ടീമിലെത്തിച്ച താരങ്ങളെ കൈവിടാനൊരുങ്ങി ഐപിഎല്‍ ടീമുകള്‍. മനീഷ് പാണ്ഡെ, ജയദേവ് ഉനദ്ഘട്ട്, ബെന്‍ സ്റ്റോക്സ് എന്നിവരെയാണ് ഫ്രാഞ്ചൈസികള്‍ ഒഴിവാക്കാനരുങ്ങുന്നത് എന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ താരലേലത്തില്‍ 11 കോടി മുടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ച മനീഷ് പാണ്ഡെക്ക് പണത്തിനൊത്ത മൂല്യം പുറത്തെടുക്കാനായില്ല. 284 റണ്‍സ് മാത്രമാണ് മനീഷ് പാണ്ഡെ കഴിഞ്ഞ സീസണില്‍ നേടിയത്. മോശം ഫോമിനെത്തുടര്‍ന്ന് ചില മത്സരങ്ങളില്‍ നിന്ന് മനീഷ് പാണ്ഡെയെ ഒഴിവാക്കുകയും ചെയ്തിരുന്നു.

താരലേലത്തില്‍ 14.5 കോടി രൂപ മുടക്കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ബെന്‍ സ്റ്റോക്സാണ് നനഞ്ഞ പടക്കമായ മറ്റൊരു താരം. 196 റണ്‍സും ഒരു വിക്കറ്റും മാത്രമാണ് രാജസ്ഥാനായി സ്റ്റോക്സ് കഴിഞ്ഞ സീസണില്‍ നേടിയത്. ഇംഗ്ലണ്ടിനായി കളിക്കാനായി ടൂര്‍ണമെന്റിന്റെ അവസാനം സ്റ്റോക്സ് പിന്‍മാറുകയും ചെയ്തു.

11.5 കോടി രൂപക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയ ജയദേവ് ഉനദ്ഘട്ടും ടീമിന് ബാധ്യതയായിരുന്നു. 11 വിക്കറ്റ് മാത്രമാണ് ഉനദ്ഘട്ടിന് കഴിഞ്ഞ സീസണില്‍ നേടാനായത്. മോശം ഫോമിനെത്തുടര്‍ന്ന് ഉനദ്ഘട്ടിന് ഇന്ത്യന്‍ ടീമിലെ സ്ഥാനവും നഷ്ടമായിരുന്നു. ഗൗതം ഗംഭീര്‍, ഗ്ലെന്‍ മാക്സ്‌വെല്‍ എന്നിവരെ ഡല്‍ ഡെയര്‍ഡെവിള്‍സും ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്.