വയസന്‍ പടയെന്ന വിമര്‍ശനമുണ്ടെങ്കിലും ആറില്‍ അഞ്ചിലും ജയിച്ച് സൂപ്പര്‍ കിംഗ്‌സ് മികച്ച ഫോമിലാണ്.

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോലിയും എം എസ് ധോണിയും നേര്‍ക്കുനേര്‍. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആരാധകരെ കാത്തിരിക്കുന്നത് ഉഗ്രന്‍ പോരാട്ടം. വയസന്‍ പടയെന്ന വിമര്‍ശനമുണ്ടെങ്കിലും ആറില്‍ അഞ്ചിലും ജയിച്ച് സൂപ്പര്‍ കിംഗ്‌സ് മികച്ച ഫോമിലാണ്. വമ്പന്‍ താരങ്ങളുമായി ഇറങ്ങിയിട്ടും അഞ്ചില്‍ മൂന്നിലും തോറ്റ റോയല്‍ ചലഞ്ചേഴ്‌സ് കാര്യം അല്‍പം പരിതാപകരമാണ്. 

കോലി, ഡിവിലിയേഴ്‌സ്, മക്കല്ലം, ഡികോക്ക് തുടങ്ങിയവരുണ്ടെങ്കിലും ബാംഗ്ലൂരിന് ടീമെന്ന നിലയിലേക്ക് ഉയരാനായിട്ടില്ല. ഡെല്‍ഹിക്കെതിരായ അവസാനകളിയില്‍ ബാംഗ്ലൂരിനെ രക്ഷിച്ചത് ഡിവിലിയേഴ്‌സിന്റെ ഒറ്റയാള്‍പോരാട്ടം. പരിചയസമ്പന്നരൂടെ കൂടാരമാണ് സൂപ്പര്‍ കിംഗ്‌സ്. മുന്നില്‍ ധോണി. വാട്‌സണ്‍, ഡുപ്ലെസി, റെയ്‌ന, റായ്ഡു, ബ്രാവോ. മുപ്പത് പിന്നിട്ടെങ്കിലും പോരാട്ടവീര്യം ഒട്ടുംചോര്‍ന്നിട്ടില്ലെന്ന് തെളിയിച്ചവ!ര്‍.

പുതിയ പന്തെറിയുന്ന ഷര്‍ദുല്‍ ഠാക്കൂറും ദീപക് ചാഹറും ഫോമില്‍. ഇരുടീമും ഇതുവരെ ഏറ്റുമുട്ടിയത് 21 കളിയില്‍. 13ല്‍ ചെന്നൈയും ഏഴില്‍ ബാംഗ്ലൂരും ജയിച്ചു. ഒരു കളി ഉപേക്ഷിച്ചു. അവസാനം ഏറ്റുമുട്ടിയ നാല് കളിയിലും ജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു.