ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ക്ക് കാലിടറുന്ന ദിനമായിരുന്നു. ലീഗില്‍ മുന്നേറ്റത്തിന് ശ്രമിക്കുന്ന ലിവര്‍പൂളിന് അടിതെറ്റി. ഫെര്‍ണാണ്ടോ ലോറെന്റെയിലൂടെ നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ ലീഡെടുത്ത സ്വാന്‍സി സിറ്റി, അമ്പത്തിരണ്ടാം മിനിറ്റില്‍ ലീഡുയര്‍ത്തി. വീണ്ടും ലോറെന്റോ. ലോറന്റെയുടെ ഇരട്ട ഗോളുകള്‍ക്ക് ഫിര്‍മിനോയിലൂടെ രണ്ടുതവണ തിരിച്ചടിച്ച് ലിവര്‍പൂള്‍ സമനില പിടിച്ചു. എന്നാല്‍ സിഗുഡ്‌സണിലൂടെ ആഘാതമേല്‍പ്പിച്ച് സ്വാന്‍സി ജയം പിടിച്ചടക്കി.

ലീഗില്‍ രണ്ടാമതുളള ടോട്ടനത്തെ തോല്‍പ്പിച്ച് പട്ടികയില്‍ മുന്നേറാനുളള മാഞ്ചസ്റ്റര്‍ സിറ്റിക്കും നിരാശയായിരുന്നു. ടോട്ടനത്തോട് സിറ്റി രണ്ടുഗോളുകളുടെ സമനില വഴങ്ങി. സ്റ്റോക് സിറ്റിയോട് പൊരുതിയെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പത്തൊമ്പതാം മിനിറ്റില്‍ യുവാന്‍മാറ്റയുടെ ഓണ്‍ഗോളിലൂടെ സ്റ്റോക് സിറ്റി ലീഡെടുത്തപ്പോള്‍, കളിതീരാന്‍ നിമിഷങ്ങള്‍ ശേഷിക്കേ വെയ്ന്‍ റൂണിയിലൂടെയാണ് യുണൈറ്റഡ് തിരിച്ചടിച്ചത്.

ലാലിഗയില്‍ ഒന്നാംസ്ഥാനത്തുളള റയല്‍, മലാഗയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സെര്‍ജിയോ റാമോസായിരുന്നു രണ്ടുതവണയും വലകുലുക്കിയത്. സ്പാനിഷ് ലീഗില്‍ ഇന്ന് അത്‌ലറ്റികോ മാഡ്രിഡിനും വലന്‍സിയക്കും സെവിയക്കും മത്സരമുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും ആഴ്‌സണലും സതാംപ്ടണും ഇന്നിറങ്ങും.