കപ്പടിക്കാനും കലിപ്പടക്കാനും കളത്തിലിറങ്ങിയ കഴിഞ്ഞ സീസണില്‍ സംഭവിച്ച തിരിച്ചടികള്‍ക്ക് ശേഷം ഇത്തവണ ഏറെ പ്രതീക്ഷകളോടെയാണ് പോരിനിറങ്ങുന്നത്

കൊച്ചി: നാളെയാണ് ആ ദിനം, കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പട കൊല്‍ക്കത്തയിലെ വീരോചിത വിജയത്തിന് ശേഷം കൊച്ചിയില്‍ സ്വന്തം തട്ടകത്തിലേക്ക് എത്തുന്നു. കപ്പടിക്കാനും കലിപ്പടക്കാനും കളത്തിലിറങ്ങിയ കഴിഞ്ഞ സീസണില്‍ സംഭവിച്ച തിരിച്ചടികള്‍ക്ക് ശേഷം ഇത്തവണ ഏറെ പ്രതീക്ഷകളോടെയാണ് ടീം പോരിനിറങ്ങുന്നത്.

ഐഎസ്എലിന്‍റെ അഞ്ചാം പതിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയെ എതിരില്ലാത്ത രണ്ട് ഗോളിന് മുക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട ഹോം സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ മുംബെെ സിറ്റിയെ നേരിടുന്നത്. മത്സരത്തിന് മുമ്പ് തന്‍റെ ടീമിന്‍റെ ശക്തിയെപ്പറ്റി മഞ്ഞപ്പടയുടെ കളിയാശാന്‍ ഡേവിഡ് ജയിംസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള യുവനിരയാണ് ടീമിന്‍റെ കരുത്തെന്ന് ജയിംസ് ഉറപ്പിച്ച് പറയുന്നു. എല്ലാ പൊസിഷനിലേക്കും പകരക്കാര്‍ ടീമിലുണ്ട്. പൂര്‍ണമായി സജ്ജമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണ്‍ ആരംഭിച്ചിരിക്കുന്നത്. ആരെ എവിടെ പരിഗണിക്കണമെന്ന് സമ്മര്‍ദം മാത്രമാണ് തനിക്കുള്ളതെന്നും ജയിംസ് പറയുന്നു.

എടികെയ്ക്കെതിരെ ഗോള്‍ നേടിയ മാതേയ്‍ക്കും സ്ലാവിസ സ്റ്റോജനോവിക്കിനും ഒപ്പം മറ്റു കളിക്കാരും അവരുടെ പങ്ക് നന്നായി നിർവഹിച്ചു. പ്രീ സീസണിലെ മികച്ച പ്രകടനമാണ് മലയാളി താരം സഹല്‍ അബ്ദുൽ സമദിനെ ആദ്യ ഇലവനില്‍ ഇറക്കാൻ കാരണമെന്നും ഡിജെ പറഞ്ഞു.

അതേസമയം, ജംഷഡ്പൂര്‍ എഫ്സിക്കെതിരെ ആദ്യ കളിയില്‍ നഷ്ടമായ മൂന്ന് പോയിന്‍റ് കൊച്ചിയില്‍ സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് തങ്ങള്‍ക്ക് മുന്നിലുള്ളതെന്ന് മുംബെെ സിറ്റി എഫ്സി പരിശീലകന്‍ ജോർജ് കോസ്റ്റ തിരിച്ചടിച്ചു. ആദ്യ മത്സരത്തിലെ ഫലത്തില്‍ നിരാശയുണ്ട്.

കാര്യമായൊന്നും ഞങ്ങള്‍ക്ക് ചെയ്യാനായില്ല. രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫലം കണ്ടില്ല. സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നതിന്‍റെ ആനുകൂല്യം ബ്ലാസ്റ്റേഴ്സിനുണ്ട്. അതിന്‍റെ സമർദ്ദവും അവർക്കുണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.