കോഴിക്കോട്: ഐ എസ് എല്ലില്‍ ജയിക്കാനായില്ലെങ്കിലും ആരാധകരുടെ മനസ്സില്‍ കേരള ബ്ളാസ്റ്റേഴ്‌സിനുള്ള സ്ഥാനത്തിനു ഒരു കോട്ടവും തട്ടിയിട്ടില്ല. കോഴിക്കോട് നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയം സമ്മാനിക്കാനായില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ എത്തിച്ച താരങ്ങളെ ഒരു നോക്കു കാണാനായി കോഴിക്കോട്ടുകാര്‍ മണിക്കൂറുകളോളം കാത്തിരുന്നു.

സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി കോഴിക്കോട് എത്തിയതായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് റാഫി, സി കെ വിനീത്, സെഡ്രിക് ഹെങ്ങ്ബര്‍ട്ട്, റിനോ ആന്റോ എന്നിവര്‍. ബ്ലാസ്റ്റേഴ്‌സിനായി വീണ്ടും കളിക്കാനുള്ള ആഗ്രഹം ഹെങ്ങ്ബര്‍ട്ട് പങ്കുവച്ചു.

പരിക്ക് അലട്ടിയിരുന്നെങ്കിലും ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടാനായതില്‍ സന്തോഷമുണ്ടെന്നു റാഫി പറഞ്ഞു. ആരാധകര്‍ നല്‍കിയ പിന്തുണയാണ് ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ എത്തിച്ചതെന്ന് ഇത്തവണ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ സി കെ വിനീത് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത വര്‍ഷം കിരീടം നേടുമെന്ന് കോഴിക്കോട്ടെ ആരാധകര്‍ക്കു വാക്കു നല്‍കിയാണ് റാഫിയും വിനീതും ഹെങ്ങ്ബര്‍ട്ടും മടങ്ങിയത്.