ആശ്വാസം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരുവില്‍

ബെംഗളൂരു: ഐഎസ്എൽ സെമി കാണാതെ പുറത്തായെങ്കിലും ആശ്വാസജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ്സിക്കെതിരെ ബൂട്ടണിയും. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെ തോൽപ്പിച്ച് സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത ഉറപ്പാക്കുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം.

'സൂപ്പർ കപ്പ് എന്ന മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഗോവ-കൊൽക്കത്ത മത്സരഫലം ഞങ്ങൾക്ക് എതിരായേക്കാം. എന്നുകരുതി ബെംഗളൂരുവിനെതിരെ ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല' കൊൽക്കത്തയെ തകർത്ത് എഫ്സി ഗോവ ബ്ലാസ്റ്റേഴ്സിന്‍റെ വാതിൽ അടയ്ക്കും മുമ്പേ തന്നെ പരിശീലകൻ ഡേവിഡ്ജെയിംസിന്‍റെ വാക്കുകളാണ്.

മറ്റ് ടീമുകളുടെ കാരുണ്യത്തിന് കാക്കാതെ ഭാവിയിലേക്ക് നോക്കുക. ഐഎസ്എൽ കഴിഞ്ഞാൽ വരുന്ന സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത കിട്ടാൻ ആദ്യ ആറ് ടീമുകളിലൊന്നാവുക. ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെ അവരുടെ കണ്ഠീരവ സ്റ്റേഡിയത്തിൽ നേരിടുമ്പോൾ തോൽക്കാതിരിക്കേണ്ടതുണ്ട് ബ്ലാസ്റ്റേഴ്സിന്.

സൂപ്പർ കപ്പ് യോഗ്യതക്കുളള മുംബൈ എഫ്സിയുടെ വെല്ലുവിളി അവസാനിപ്പിക്കണം. കൊച്ചിയിൽ പുതുവത്സരരാവിലേറ്റ തോൽവിക്ക് ബെംഗളൂരുവിനോട് പകരം വീട്ടണം. മഞ്ഞപ്പടയും വെസ്റ്റ് ബ്ലോക്ക് ബ്ലൂസും വാശിയോടെ കാണുന്ന മത്സരത്തിൽ ആരാധകരുടെ പ്രതീക്ഷ കാക്കണം.കാരണങ്ങൾ പലതാണ്. ഗോളടിക്കാൻ മറക്കുന്ന മുന്നേറ്റവും കളി മെനയാൻ പാകപ്പെടാത്ത മധ്യനിരയും പതിവ് തുടർന്നാൽ കരുത്തരായ ബെംഗളൂരുവിന് മുന്നിൽ ബ്ലാസ്റ്റേഴ്സിന് മറുപടിയുണ്ടാവില്ല. 

പഴയ ക്ലബിന്‍റെ മൈതാനത്ത് സികെ വിനീതും റിനോ ആന്‍റോയും ശ്രദ്ധാകേന്ദ്രമാവും. മറുവശത്ത് ആശങ്കൾ ഏതുമില്ല ബെംഗളൂരുവിന്. സുനിൽ ഛേത്രിയെയും ഗോളി ഗുർപ്രീതിനെയും പേടിക്കണമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് തന്നെ പറയുന്നു. പ്ലേ ഓഫ് കൂടി മുന്നിൽകണ്ടാവും കോച്ച് ആൽബർട്ട് റോക്ക ടീമിനെ ഇറക്കുക. സീസണിൽ ഇതാദ്യമായി കണ്ഠീരവയിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി. ആരാധകർ വാശിയോടെ എത്തുമ്പോൾ അതിരുവിടരുതെന്നാണ് ഇരു ടീമുകളുടെയും അഭ്യർത്ഥന. ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയ മഞ്ഞപ്പടയുടെ ആവേശം കളത്തിലും കണ്ടാൽ ബ്ലാസ്റ്റേഴ്സിന് തല ഉയർത്തി മടങ്ങാം.