കൊച്ചി: മുംബൈയ്ക്കെതിരെയേറ്റ വമ്പന്‍ തോല്‍വിയുടെ ആഘാതം മാറും മുമ്പെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകത്തില്‍ വീണ്ടും പോരിനിറങ്ങുന്നു. പുനെ എഫ്‌സിയാണ് എതിരാളികള്‍. സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍  ജയമല്ലാതെ കേരളാ ടീമിന് മുന്നില്‍ മറ്റു വഴിയില്ല. ഏറ്റവുമൊടുവില്‍ ബ്ലാസ്റ്റഴേസ് സ്വന്തം നാട്ടില്‍ കളിച്ചത് ചെന്നൈ എഫ്‌സിക്കെതിരെയായിരന്നു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്ന് ഗോളുകല്‍ തിരിച്ചടിച്ച് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്സ് മുംബൈക്ക് വിമാനം കയറിയത്. പക്ഷെ ഏറ്റുവാങ്ങിയത് ദയനീയ തോല്‍വി.

പൊരുതാന്‍പോലും കഴിയാതെ മുംബൈയില്‍നിന്ന് ഏറ്റുവാങ്ങിയത് 5 ഗോളുകള്‍. ഇതോടെ ഗോള്‍ ശരാശരി മൈനസ് നാലുമായി. അതായത് സെമിയില്‍ കടക്കണമെങ്കില്‍ ഇനിയുള്ള മൂന്ന് മല്‍സരങ്ങളും ജയിച്ചേ മതിയാകൂ എന്ന സ്ഥിതി. പുനെക്കിതെരയുള്ള മല്‍സരശേഷം 29ന് കൊല്‍ക്കത്ത അവരുടെ നാട്ടില്‍ നേരിടണം. അടുത്തമാസം നാലിന് സ്വന്തം നാട്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് അവസാന മല്‍സരം.

മൂംബൈയില്‍ നിന്നേറ്റ് കനത്ത തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ടീമിനെ മാനസികമായി കൈപിടിച്ചുയര്‍ത്തുകയാണ് കോച്ച് സ്റ്റീവ് കോപ്പലിന് മുന്നിലുള്ള ഏറ്റവും വലിയവെല്ലുവിളി. ഇന്നത്തെ മല്‍സരത്തില്‍  മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് കളിക്കുമെന്ന് സ്റ്റീവ് കോപ്പല്‍ പറഞ്ഞു. പതിനൊന്ന് മല്‍സരങ്ങളില്‍ നാല് ജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമായി ബ്ലാസ്റ്റേഴ്സിന് 15 പോയിന്റുണ്ട്. കഴിഞ്ഞ നാല് മല്‍സരങ്ങളിലും ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തില്‍ തോറ്റിട്ടില്ല.

പൂനെ എഫ്‌സിക്കും 15 പോയിന്റുണ്ട്. മാത്രമല്ല ബ്ലാസ്റ്റേഴ്സിനേക്കാ്‍ ഗോള്‍ ശരാശരിയില്‍ മുന്നിലുമാണ്. ഇന്ന് ജയിക്കുന്ന ടീമിന്  ആദ്യ സ്ഥാനക്കാരനായ മുംബൈയ്ക്ക് പിന്നില്‍ സ്ഥാനം പിടിക്കാന്‍ കഴിയും.