മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും ബോളിവുഡ് താരങ്ങളും തമ്മില്‍ നടന്ന പ്രദര്‍ശന ഫുട്ബോള്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. മുംബൈയിലെ അന്ധേരി സ്പോര്‍ട്സ് കോംപ്ലെക്സില്‍ നടന്ന മത്സരത്തില്‍ ക്രിക്കറ്റ് താരങ്ങളുടെ ടീമായ ഓള്‍ ഹേര്‍ട്സിനായി യുവരാജ് സിംഗും കെ.എല്‍.രാഹുലുമാണ് ലക്ഷ്യം കണ്ടത്. സിനിമാ താരങ്ങളുടെ ടീമായ ഓള്‍ സ്റ്റാര്‍സിനായി ഷൂജിത് സിര്‍കാറും രണ്‍ബീറിന്റെ ട്രെയിനറായ അന്റോണിയോ പികോറയുമാണ് ഗോള്‍ നേടിയത്.
സിനിമാ താരങ്ങളാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതി തീരുന്നതിന് മുമ്പ് ധോണിയുടെ പകരക്കരാനായി ഇറങ്ങിയ യുവി ക്രിക്കറ്റ് താരങ്ങള്‍ക്കായി സമനില നേടി. രണ്ടാം പകുതിയില്‍ സിനിമാ താരങ്ങള്‍ വീണ്ടും മുന്നിലെത്തിയെങ്കിലും കളി തീരാന്‍ 10 മിനിട്ട് ശേഷിക്കെ രാഹുല്‍ ക്രിക്കറ്റ് താരങ്ങളുടെ മാനം കാത്ത് സമനില ഗോള്‍ നേടി.

രണ്‍ബീര്‍ കപൂറിന്റെ നേതൃത്വത്തിലിറങ്ങിയ സിനിമാ താരങ്ങളുടെ ടീമില്‍ ആദിത്യ റോയ് കപൂര്‍, ഷൂജിത് സിര്‍കാര്‍, രാജ് കുന്ദ്ര എന്നിവരും കളിച്ചു. വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിലിറങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ ടീമില്‍ ധോണി, അശ്വിന്‍, ശീഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, കെ.എല്‍ രാഹുല്‍, രഹാനെ തുടങ്ങിയവരുമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ കടുത്ത വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഫണ്ട് ശേഖരിക്കുന്നതിനായി അഭിഷേക് ബച്ചന്റെ സന്നദ്ധ സംഘടനയായ പ്ലേയിംഗ് ഫോര്‍ ഹ്യുമാനിറ്റിയും വിരാട് കൊഹ്‌ലിയുടെ സന്നദ്ധ സംഘടനയായ ദ് വിരാട് കൊഹ്‌ലി ഫൗണ്ടേഷനും ചേര്‍ന്നാണ് സെലിബ്രിറ്റി ക്ലാസിക്കോ എന്ന പേരില്‍ മത്സരം സംഘടിപ്പിച്ചത്.
