ലോക അത്‍ലറ്റിക് ചാന്പ്യൻഷിപ്പിൽ ഉസൈൻ ബോൾട്ടിന്റെ കുതിപ്പിന് തുടക്കം. 100 മീറ്ററിൽ ബോൾട്ട് സെമിയിലെത്തി. അമേരിക്കയുടെ ജസ്റ്റിൻ ഗാഡ്‍ലിൻ, ജമൈക്കയുടെ യോഹാൻ ബ്ലേക്ക് എന്നിവരും സെമിയിൽ എത്തിയിട്ടുണ്ട്.
ഹീറ്റ്സിൽ 10.07 സെക്കന്റ് കുറിച്ചാണ് സെമിയിലേക്ക് ബോൾട്ട് ഓടിക്കയറിയത്. എന്നാൽ പത്ത് സെക്കന്റിൽ താഴെ ഫിനിഷ് ചെയ്യാൻ പറ്റാത്തതിൽ ജമൈക്കൻ താരം നിരാശനാണ്. ഹീറ്റസിലെ പ്രകടനത്തിൽ ഒട്ടും സന്തോഷമില്ലെന്നാണ് ബോൾട്ട് പ്രതികരിച്ചത്. ഹീറ്റ്സിൽ ജമൈക്കയുടെ ജൂലിയൻ ഫോര്‍ട്ടിന് മാത്രമാണ് പത്ത് സെക്കന്റിൽ താഴെ ഫിനിഷ് ചെയ്യാനായത്. മുൻ ലോക ചാന്പ്യൻ ജസ്റ്റിൻ ഗാഡ്‍ലിൻ, ജമൈക്കൻ താരം യോഹാൻ ബ്ലേക്ക് എന്നിവരും സെമിയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഹീറ്റ്സിൽ ജപ്പാൻ താരത്തിന് പിന്നിൽ രണ്ടാമനായാണ് ബ്ലേക്ക് ഫിനിഷ് ചെയ്തത്.
ഇന്ന് രാത്രി 11.30നാണ് സെമി പോരാട്ടങ്ങൾക്ക് തുടക്കമാവുക. ഫൈനൽ മത്സരം നാളെ പുലര്‍ച്ചെ 2.15നും നടക്കും. ഹീറ്റ്സിൽ പതുങ്ങിയ ബോൾട്ട് ഫൈനലിൽ കുതിക്കുമെന്നു തന്നെയാണ് ആരാധകര്‍ കരുതുന്നത്. ഇതിഹാസ താരം ഇതിഹാസ തുല്യമായ പ്രകടനത്തിലൂടെ നൂറ് മീറ്റിനോട് വിടപറയുമെന്ന് കരുതാം.
