മുംബൈ: പണക്കൊഴുപ്പ് നിറഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ നടത്തിപ്പ് സംബന്ധിച്ച് സംശയങ്ങള്‍ പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. ഐപിഎല്‍ എന്ന് കേള്‍ക്കുമ്പോള്‍ വാതുവയ്‌പും വിദേശ പണക്കൈമാറ്റ വ്യവസ്ഥയിലെ ലംഘനങ്ങളുമാണ് ആളുകളുടെ മനസിലേക്ക് വരുന്നത്. ഐപിഎല്‍ ക്രിക്കറ്റിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ടോ എന്നും ക്രിക്കറ്റില്‍ ഐപിഎല്ലിന്‍റെ പ്രസക്തിയെന്തെന്നും കോടതി ചോദിച്ചു. 

2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐപിഎല്ലില്‍ വിദേശ പണക്കൈമാറ്റ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടു എന്ന് എന്‍ഫോര്‍സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഐപിഎല്‍‍ ചെയര്‍മാനായ ലളിത് മോദിക്കെതിരെ എന്‍ഫോര്‍സ്മെന്‍റ് ഡയറക്ടറേറ്റ് നടപടിയാരംഭിച്ചിരുന്നു. ബിസിസിഐയും ഐപിഎല്‍ സംഘാടകരും ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടാണ് വ്യവസ്ഥകള്‍ ലംഘിച്ചത്.