മൂന്നു അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റൻമാരെ വാതുവെപ്പ് സംഘം സമീപിച്ചതായി റിപ്പോർട്ട്. ഐസിസിയുടെ അഴിമതി വിരുദ്ധ സെല്ലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സിംബാബ്വെ ക്യാപ്റ്റൻ ഗ്രെയിം ക്രീമർ, പാകിസ്ഥാൻ ക്യാപ്റ്റൻ സർഫ്രാസ് അഹ്മദ് എന്നിവരുൾപ്പടെയുള്ളവരെയാണ് വാതുവെപ്പ് സംഘം സമീപിച്ചത്. വെസ്റ്റിൻഡീസിനെതിരായ പരമ്പര നടക്കുന്നതിനിടെ ഒക്ടോബറിലാണ് ക്രീമറെ വാതുവെപ്പ് സംഘം സമീപിച്ചത്. വൻതുക ഓഫർ ചെയ്തിരുന്നു. എന്നാൽ അത് നിരസിച്ച ക്രീമർ ഒരു മണിക്കൂറിനുള്ളിൽ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു. രണ്ടാമതായി ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം നേടിയ പാക് ക്യാപ്റ്റനെയാണ് വാതുവെപ്പ് സംഘം സമീപിച്ചത്. യുഎഇയിൽ ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കിടെയായിരുന്നു സംഭവം. എന്നാൽ സർഫ്രാസ് അഹ്മദ് അവരോട് കൂടുതൽ സംസാരിക്കാൻ തയ്യാറായില്ല. ക്യാപ്റ്റൻമാർ ഉൾപ്പടെ നിരവധി താരങ്ങളെയും വാതുവെപ്പ് സംഘം സമീപിച്ചതായി ഐസിസിയുടെ റിപ്പോർട്ടിലുണ്ട്. അയ്യായിരം മുതൽ ഒന്നരലക്ഷം യു എസ് ഡോളർ വരെയാണ് വാതുവെപ്പ് സംഘം ക്രിക്കറ്റ് താരങ്ങൾക്ക് വാഗ്ദ്ധാനം ചെയ്തത്.